യുക്രെയ്ൻ ധാന്യനീക്ക ഉടമ്പടി പുതുക്കാതെ റഷ്യ; ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകാനും വിലക്കയറ്റത്തിനും കാരണമാകും
text_fieldsകിയവ്: യുക്രെയ്നിൽനിന്ന് കരിങ്കടലിലൂടെ ധാന്യം കയറ്റുമതി ചെയ്യാനുള്ള ഉടമ്പടി പുതുക്കാൻ തയാറാവാതെ റഷ്യ. ആഗോള ഭക്ഷ്യപ്രതിസന്ധി ലഘൂകരിക്കാനായി യു.എന്നിന്റെയും തുർക്കിയയുടെയും മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ ബലത്തിലാണ് യുദ്ധത്തിനിടയിലും യുക്രെയ്നിൽനിന്നുള്ള ധാന്യ കയറ്റുമതി സുഗമമായി നടന്നത്.
ലോകത്തിലെ വലിയ ധാന്യഉൽപാദക രാജ്യങ്ങളിലൊന്നായ യുക്രെയ്നിൽനിന്നുള്ള കയറ്റുമതി പ്രതിസന്ധിയിലാകുന്നത് ആഗോളതലത്തിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകാനും വിലക്കയറ്റത്തിനും കാരണമാകും. 20 ശതമാനം വരെ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. ലോക ഗോതമ്പ് കയറ്റുമതിയുടെ മൂന്നിലൊന്നും റഷ്യ, യുക്രെയ്ൻ രാജ്യങ്ങളിൽനിന്നാണ്. ചരക്കുനീക്കത്തിന് അനുമതി നൽകുന്ന കരാറിൽനിന്ന് റഷ്യ ഇടക്കാലത്ത് പിൻവാങ്ങിയതോടെ കരിങ്കടലിലൂടെയുള്ള ചരക്കുനീക്കം വീണ്ടും പ്രതിസന്ധിയിലായെങ്കിലും യു.എന്നിന്റെയും തുർക്കിയയുടെയും നയതന്ത്ര ഇടപെടലിലൂടെ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിരുന്നു.
ചരക്കുനീക്കം യുദ്ധതന്ത്രമോ യുദ്ധത്തിനുള്ള മറയോ ആക്കരുതെന്ന നിബന്ധനയോടെയാണ് നേരത്തേ റഷ്യ വിട്ടുവീഴ്ചക്ക് തയാറായത്. 32 ദശലക്ഷം ടണ്ണിലേറെ ധാന്യമാണ് പ്രത്യേക ഉടമ്പടി പ്രകാരം കരിങ്കടലിലൂടെ കയറ്റിയയച്ചത്.
യു.എസിൽനിന്ന് യുക്രെയ്ൻ ക്ലസ്റ്റർ ബോംബുകൾ സ്വീകരിക്കുന്നത്, ക്രീമിയ പാലത്തിന് നേരെയുണ്ടായ ആക്രമണം തുടങ്ങിയവയാണ് റഷ്യയെ പ്രകോപിപ്പിച്ചതെന്നാണ് വിലയിരുത്തൽ. തുർക്കിയ വീണ്ടും മധ്യസ്ഥശ്രമം ആരംഭിച്ചിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആഗസ്റ്റിൽ തുർക്കിയ സന്ദർശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.