ഗ്രാമി അവാർഡ് നേടിയ ഗായകന് ഇറാനിൽ തടവുശിക്ഷ
text_fieldsതെഹ്റാൻ: ഇറാൻ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളിൽ വ്യാപകമായി ഉപയോഗിച്ച ഗാനം രചിച്ചതിന് ഗ്രാമി അവാർഡ് ജേതാവായ ഇറാനിയൻ ഗായകന് തടവുശിക്ഷ. മഹ്‌സ അമിനിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇറാൻ ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുത്ത ഷെർവിൻ ഹാജിപ്പൂർ എന്ന ഗായകനാണ് മൂന്നു വർഷവും എട്ടുമാസവും തടവു ശിക്ഷ വിധിച്ചത്. 2022ൽ ഇദ്ദേഹം രചിച്ച ഗാനത്തിന് ഗ്രാമി അവാർഡ് ലഭിച്ചിരുന്നു.
2022 സെപ്റ്റംബർ 16 ന് ഇറാൻ തടവറയിൽ കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ ഇദ്ദേഹത്തിന്റെ പുരസ്കാരം ലഭിച്ച ‘ബരായെ’ എന്ന ഗാനമായിരുന്നു ഉപയോഗിച്ചിരുന്നത്. വെള്ളിയാഴ്ച ഷെർവിൻ ഹാജിപൂർ തന്നെയാണ് ശിക്ഷ വിധിച്ച വിവരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
സംവിധാനത്തിനെതിരായ പ്രചാരണം, പ്രതിഷേധിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പാട്ട് പ്രസിദ്ധീകരിച്ചതിൽ ഗായകൻ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനാലാണ് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം നടന്ന ചടങ്ങിൽ യു.എസ് പ്രഥമ വനിത ജിൽ ബൈഡനായിരുന്നു ഗ്രാമി അവാർഡ് സമ്മാനിച്ചത്.
മുൻപും ഷെർവിൻ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. തുടർന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയതായിരുന്നു. 2022 സെപ്തംബറിൽ അമിനിയുടെ മരണത്തെ തുടർന്നുള്ള സംഘർഷങ്ങളിൽ ഇറാനിൽ 500ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.