അഭയാർഥിപ്പേടിയിൽ ഗ്രീസ്; യൂറോപിലേക്ക് അഫ്ഗാനികളുടെ ഒഴുക്ക് തടയാൻ 40 കിലോമീറ്റർ മതിൽ കെട്ടി
text_fieldsഏതൻസ്: അഫ്ഗാനിസ്താനിൽ താലിബാൻ പിടിമുറുക്കിയതിന് പിന്നാലെ യൂറോപിലേക്ക് അഭയാർഥികൾ ഒഴുകാൻ സാധ്യത കണക്കിലെടുത്ത് അതിർത്തിയിൽ 40 കിലോമീറ്റർ നീളത്തിൽ കൂറ്റൻ മതിലുയർത്തി ഗ്രീസ്. ആഭ്യന്തര സംഘർഷം രൂക്ഷമായ സിറിയയിൽനിന്നും ഇറാഖിൽനിന്നും 2015ൽ സംഭവിച്ചതിന് സമാനമായ അഭയാർഥി ഒഴുക്ക് ഇത്തവണ അഫ്ഗാനിസ്താനിൽനിന്ന് സംഭവിക്കുമെന്നാണ് ഗ്രീസിന്‍റെ ആശങ്ക. ഈ സാഹചര്യത്തിലാണ് തുർക്കി അതിർത്തിയിൽ കൂറ്റൻ മതിലുയർന്നത്.
ആറു വർഷം മുമ്പു നടന്നതിന്‍റെ ആവർത്തനം ഇനിയും സംഭവിക്കരുതെന്ന് ഗ്രീക് പൗര സംരക്ഷണ മന്ത്രി മൈക്കലിസ് ക്രിസോകോയിഡിസ് പറഞ്ഞു.
അഫ്ഗാനികളെ യൂറോപിലേക്ക് അതിർത്തി വഴി കടക്കാൻ അനുവദിക്കില്ലെന്നും തിരിച്ചയക്കുമെന്നും കഴിഞ്ഞയാഴ്ച ഗ്രീസ് വ്യക്തമാക്കിയിരുന്നു. ''നിയമവിരുദ്ധ അഫ്ഗാൻ കുടിയേറ്റക്കാർക്ക് യൂറോപിലേക്ക് വഴിയാകാൻ രാജ്യത്തെ അനുവദിക്കില്ല''- കുടിയേറ്റ മന്ത്രി നോടിസ് മിറ്ററാഷി പറഞ്ഞു.
2015ലെ സംഘർഷങ്ങളിടെ ഒരു വർഷത്തിനുള്ളിൽ 10 ലക്ഷം അഭയാർഥികളാണ് യൂറോപിലേക്ക് തുർക്കി വഴി കടന്നിരുന്നത്. പലരും ബോട്ടുകളിൽ ഈജിയൻ കടൽ കടന്നായിരുന്നു യാത്ര.
താലിബാൻ ഭരണം ഭയന്ന് അഫ്ഗാനികൾ കൂട്ടമായി രാജ്യം വിടാനൊരുങ്ങുന്നത് രാജ്യത്ത് കനത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അഫ്ഗാനികളെ സ്വീകരിക്കുമെന്ന് ചില രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. എന്നാൽ, അഭയാർഥികൾ വരുന്നത് നിരീക്ഷിക്കാൻ 40 കിലോമീറ്റർ മതിലുയർത്തിയ ഗ്രീസ് അത്യാധുനിക നിരീക്ഷണ സംവിധാനവും ഏർപെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.