ആ പച്ചക്കണ്ണുകളുടെ ഉടമ ഇനി ഇറ്റലിയിൽ; ശർബത്തിന്‍റെ അഭയാർഥി യാത്രകൾ അവസാനിക്കുന്നില്ല
text_fieldsപതിറ്റാണ്ടുകൾക്ക് മുമ്പ് നാഷനൽ ജ്യോഗ്രഫികിന്‍റെ കവറിലൂടെ ലോക മനസാക്ഷിയെ പിടിച്ചുകുലുക്കിയ ആ പച്ചക്കണ്ണുകളുടെ ഉടമ ഇനി ഇറ്റലിയിൽ. ഒരൊറ്റ ചിത്രത്തിലൂടെ അഫ്ഗാൻ അഭയാർഥികളിലേക്ക് ലോകത്തിന്‍റെ ശ്രദ്ധയാകർഷിച്ച അഫ്ഗാൻവനിത ശർബത്ത് ഗുലയെ ഇറ്റലി ഏറ്റെടുത്തു.
1984 ൽ സ്റ്റീവ് മക്‌കറി ക്യാമറയിൽ പകർത്തി നാഷനൽ ജ്യോഗ്രഫിക് മാഗസിന്‍റെ മുഖചിത്രമായി വന്ന ഫോട്ടോയിലൂടെയാണു ശർബത്തിനെ ലോകം അറിഞ്ഞത്. അന്നു 12 വയസ്സായിരുന്നു ശർബത്തിന്. പാകിസ്താനിലെ ഒരു അഭയാർഥി ക്യാമ്പിൽ നിന്ന് പകർത്തിയതായിരുന്നു ആ ചിത്രം. 1979 ലെ സോവിയറ്റ് അധിനിവേശത്തെ തുടർന്ന് അഭയം തേടി നാടുവിട്ട അഫ്ഗാനികളിലൊരാളായിരുന്നു ആ 12 വയസുകാരി.
വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് പാകിസ്തഗനിൽ ജീവിക്കുന്നതായി കണ്ടെത്തി 2016 ൽ ഇവരെ അഫ്ഗാനിലേക്ക് തിരിച്ചയക്കുന്നുണ്ട്. പിന്നീട് അഫ്ഗാൻ സർക്കാർ ഇവർക്ക് കാബൂളിൽ വീട് അനുവദിച്ചിരുന്നു.
അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചതോടെ ശർബത്ത് രാജ്യം വിടാൻ സഹായം തേടുകയായിരുന്നെന്ന് ഇറ്റലി അറിയിച്ചു. ഒരു സർക്കാറിതര സന്നദ്ധ സംഘടനയാണ് ശർബത്തിന് ഇറ്റലിയിൽ അഭയം നൽകാനായി ഇടപെട്ടത്.
താലിബാൻ ഭരണം പിടിച്ച ശേഷം 5000 ഒാളം അഫ്ഗാനികൾക്ക് അഭയം നൽകിയിട്ടുണ്ടെന്ന് ഇറ്റലി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.