ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾ പൂർവസ്ഥിതിയിലാകാത്ത വിധം ഉരുകിത്തീരുന്നതായി പഠനം
text_fieldsആഗോളതാപനത്തിന്റെ ഫലമായി ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾ ഇനിയൊരിക്കലും പൂർവസ്ഥിതിയിലാകാത്ത വിധത്തിൽ ഉരുകിത്തീരുന്നതായി പഠനം. അമേരിക്കയിലെ ഓഹിയോ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്.
സമുദ്രനിരപ്പിൽ വർധനവുണ്ടാകുന്നതിൽ ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾക്ക് നിർണായകമായ പങ്കുണ്ട്. 280 ബില്യൺ മെട്രിക് ടൺ ഐസാണ് വർഷാവർഷവും ഗ്രീൻലാൻഡിൽ നിന്ന് ഉരുകി സമുദ്രത്തിൽ ചേരുന്നത്. സമീപ വർഷങ്ങളിൽ മഞ്ഞുരുകൽ വൻ തോതിൽ വർധിച്ചതായി ഗവേഷകയായ മൈക്കേല കിങ് പറയുന്നു.
ഗ്രീൻലാൻഡിലെ മഞ്ഞുരുകൽ സമുദ്രനിരപ്പിൽ വർഷാവർഷം ഒരു മില്ലിമീറ്ററിൽ കൂടുതൽ വർധനവിന് കാരണമാകുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. വരും വർഷങ്ങളിൽ ഇത് വർധിക്കും. ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സമുദ്രനിരപ്പിൽ മൂന്നടി വർധനവുണ്ടാകുമെന്നും അത് ബീച്ചുകളെയും സമുദ്രതീരങ്ങളെയും നശിപ്പിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
സമുദ്രനിരപ്പുമായി അധികം വ്യത്യാസമില്ലാത്ത തീരമേഖലകളെല്ലാം നിലനിൽപ് പ്രതിസന്ധി നേരിടും. വെറും മൂന്നടി സമുദ്രനിരപ്പ് ഉയർച്ച തീരമേഖലയിലെ വലിയ വിസ്തീർണം ഭൂമിയെ വെള്ളത്തിനടിയിലാക്കും.
ഏറെ വർഷത്തെ സാറ്റലൈറ്റ് ദൃശ്യങ്ങൾ വിശകലനം ചെയ്താണ് ഗവേഷകരുടെ കണ്ടെത്തൽ. കാലാവസ്ഥാ വ്യതിയാനം ഈ നിരക്കിൽ തുടരുകയാണെങ്കിൽ മഞ്ഞുരുകൽ നിരക്ക് അതിവേഗം സംഭവിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.