സർവകലാശാലയിലെ ഗസ്സ അനുകൂല പരിപാടിക്കിടെ ഗ്രെറ്റ തുൻബർഗ് അറസ്റ്റിൽ
text_fieldsകോപ്പൻഹേഗ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശീയ യുദ്ധത്തിനെതിരെ ഡെൻമാർക്കിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിനെ കോപൻഹേഗ് പൊലീസ് അറസ്റ്റ് ചെയ്തു. കോപ്പൻഹേഗൻ സർവകലാശാലയിൽ നടന്ന പരിപാടിക്കിടെ മൊത്തം ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വക്താവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ചുമലിൽ കറുപ്പും വെളുപ്പും കലർന്ന കഫിയ ഷാൾ ധരിച്ച തുൻബർഗിനെ പൊലീസ് കാമ്പസിന് പുറത്തേക്ക് കൊണ്ടുപോകുന്ന ചിത്രങ്ങൾ പ്രാദേശിക ദിനപത്രമായ എക്സ്ട്ര ബ്ലേഡെറ്റ് പുറത്തുവിട്ടു. ‘അധിനിവേശത്തിനെതിരായ വിദ്യാർത്ഥികൾ’ എന്ന സംഘടന പ്രതിഷേധം നടത്തുന്ന കെട്ടിടത്തിലേക്ക് പൊലീസ് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ തുൻബെർഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
ഇസ്രായേൽ സർവകലാശാലകളെ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ യൂനിവേഴ്സിറ്റി റെക്ടറുടെ ഓഫിസിൽ പ്രവേശിച്ചതായി വിദ്യാർത്ഥി സംഘം ഇൻസ്റ്റഗ്രാമിൽ പ്രസ്താവിച്ചു. ‘ഫലസ്തീനിലെ സ്ഥിതിഗതികൾ വഷളാകുമ്പോൾ കോപ്പൻഹേഗൻ സർവകലാശാല ഇസ്രായേൽ സർവ്വകലാശാലകളുമായുള്ള സഹകരണം തുടരുന്നു. അതുവഴി വംശഹത്യ നടത്താനുതകുന്ന അറിവ് സംഭാവന ചെയ്യുന്നു. ഞങ്ങളുടെ സർവ്വകലാശാല വംശഹത്യക്ക് സംഭാവന നൽകരുത്’ എന്നും വിദ്യാർത്ഥി സംഘടന പ്രസ്താവനയിൽ പറഞ്ഞു.
അറസ്റ്റിലായവരുടെ ഐഡന്‍റിറ്റി സ്ഥിരീകരിക്കാൻ പോലീസ് വിസമ്മതിച്ചു. എന്നാൽ 21 കാരിയായ കാലാവസ്ഥാ പ്രവർത്തകയും തടവിലാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് ‘അധിനിവേശത്തിനെതിരായ വിദ്യാർത്ഥികൾ’ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഗസ്സയിലെ ഇസ്രയേലിന്റെ സൈനിക നടപടിക്കെതിരെയും ഫലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിനെതിരെയും യു.എസിലെയും യൂറോപ്പിലെയും വിദ്യാർത്ഥികൾ സർവകലാശാലകളിൽ ക്യാമ്പുകൾ സ്ഥാപിച്ച് പ്രതിഷേധം നടത്തിവരുകയാണ്.
കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴു മുതൽ ആരംഭിച്ച ആക്രമണത്തിൽ 40,000ലേറെ ഫലസ്തീനികൾ കൊല്ലപ്പെടുകയും ലക്ഷത്തോളം പേർക്ക് പരിക്കേൽക്കുകയും ലക്ഷങ്ങൾ പലായനം ചെയ്യുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം പറയുന്നു. യുണൈറ്റഡ് നേഷൻസ് ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ്, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, ഫലസ്തീൻ ഗവൺമെന്‍റ് എന്നിവയിൽ നിന്നുള്ള ഏറ്റവും പുതിയ ഡേറ്റ അനുസരിച്ച് ഗസ്സയിലെ പകുതിയിലധികം വീടുകളും ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും 80 ശതമാനം വാണിജ്യ കെട്ടിടങ്ങളും 85 ശതമാനം സ്കൂൾ കെട്ടിടങ്ങളും 65 ശതമാനം റോഡ് ശൃംഖലകളും ഇസ്രായേൽ നശിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.