ഫലസ്തീൻ, അഫ്ഗാൻ വനിതകളെ വേദിയിലേക്ക് ക്ഷണിച്ചതിന് ഗ്രെറ്റ തുൻബെർഗിന്‍റെ പ്രസംഗം തടസ്സപ്പെടുത്തി
text_fieldsആംസ്റ്റർഡം: പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിന്‍റെ പ്രസംഗം തടസ്സപ്പെടുത്തി. നെതർലൻഡ്സിലെ ആംസ്റ്റർഡമിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. പരിസ്ഥിതിക്കായുള്ള പ്രതിഷേധ പരിപാടിക്കിടെ ഫലസ്തീനിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നുമുള്ള സ്ത്രീകളെ ഗ്രെറ്റ സംസാരിക്കാനായി വേദിയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സദസ്സിലുണ്ടായിരുന്ന ഒരാൾ വേദിയിലേക്ക് കയറി ഗ്രെറ്റയുടെ പ്രസംഗം തടസപ്പെടുത്തിയത്.
പരിസ്ഥിതിക്ക് വേണ്ടിയുള്ള പ്രസ്ഥാനമെന്ന നിലയിൽ അടിച്ചമർത്തപ്പെടുന്നവരുടെയും സ്വാതന്ത്രത്തിനും നീതിക്കും വേണ്ടി പോരാടുന്നവരുടെയും വാക്കുകൾ നമുക്ക് കേൾക്കേണ്ടതായുണ്ട് എന്നു പറഞ്ഞാണ് ഗ്രെറ്റ ഫലസ്തീൻ, അഫ്ഗാൻ സ്ത്രീകളെ സംസാരിക്കാൻ ക്ഷണിച്ചത്. ഇരുവരും സംസാരിച്ചതിന് ശേഷം ഗ്രെറ്റ തന്‍റെ പ്രസംഗം തുടർന്നു. ഇതിനിടെയാണ് ഒരാൾ സദസ്സിൽ നിന്ന് കടന്നുവന്ന് മൈക്ക് പിടിച്ചുവാങ്ങി ഗ്രെറ്റയെ സംസാരിക്കുന്നത് തടസ്സപ്പെടുത്തിയത്.
പരിസ്ഥിതി പരിപാടിക്കാണ് താൻ ഇവിടെ വന്നതെന്നും രാഷ്ട്രീയ പരിപാടിക്കല്ലെന്നും ഇയാൾ പറയുന്നുണ്ടായിരുന്നു. ഇയാളെ സംഘാടകർ ഉടൻതന്നെ വേദിയിൽ നിന്ന് നീക്കി.
ഗസ്സയിൽ മനുഷ്യക്കുരുതി നടത്തുന്ന ഇസ്രായേലിനെ വിമർശിച്ചും ഫലസ്തീനികൾക്ക് പിന്തുണ പ്രഖ്യാപിച്ചും ഗ്രെറ്റ തുൻബെർഗ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഗ്രെറ്റയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തിയിരുന്നു.
'ഗസ്സയിലെ ഫലസ്തീനികൾക്ക് ഐക്യദാർഢ്യം. ഗസ്സയിൽ അടിയന്തര വെടിനിർത്തലിനായും ഫലസ്തീനികളുടെ സ്വാതന്ത്ര്യത്തിനായും ലോകം ശബ്ദമുയർത്തേണ്ടിയിരിക്കുന്നു' -എന്നാണ് ഗ്രെറ്റ എക്സിൽ എഴുതിയത്. ഗ്രെറ്റയുടെ പോസ്റ്റിന് രൂക്ഷമായ പ്രതികരണവുമായി ഇസ്രായേൽ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.