'നിങ്ങൾ അടിക്കുന്നത് ബ്ലാ ബ്ലാ ബ്ലാ'; മോദിയുൾപ്പടെ രാഷ്ട്രത്തലവന്മാരെ പരിഹസിച്ച് ഗ്രെറ്റ തൻബർഗ്
text_fieldsകാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രശ്നങ്ങളിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ഭരണത്തലവന്മാരെ പരിഹസിച്ച് സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തൻബെർഗ്. മിലാനിൽ നടന്ന യൂത്ത് ഫോർ ക്ലൈമറ്റ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു ഗ്രെറ്റ. രാഷ്ട്രത്തലവന്മാരുടെ പേര് പറയാതെ അവരുടെ മുൻകാല പ്രസ്താവനകൾ എടുത്തുപറഞ്ഞാണ് ഗ്രെറ്റ മിലാനിൽ ആഞ്ഞടിച്ചത്.
'കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നത് നവീകരണത്തിനും സഹകരണത്തിനും ഇച്ഛാശക്തിക്കും വേണ്ടിയുള്ളതാണ്' എന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന ഗ്രെറ്റ തെൻറ പ്രസംഗത്തിൽ ഉദ്ധരിച്ചു. ഇതൊെക്ക വെറും ബ്ലാ ബ്ലാ ബ്ലാ ആണെന്നാണ് അവർ പരിഹസിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസെൻറ പ്രസ്താവനയും ഗ്രെറ്റ എടുത്തുപറഞ്ഞു.
'ഗ്രീൻ എക്കോണമി ബ്ലാ ബ്ലാ ബ്ലാ, 2050 ഓടെ നെറ്റ് സീറോ ബ്ലാ ബ്ലാ ബ്ലാ, എന്നൊക്കെയാണ് നമ്മുടെ നേതാക്കൾ എന്ന് വിളിക്കപ്പെടുന്നവരിൽ നിന്ന് കേൾക്കുന്നത്. മികച്ചതായി തോന്നുന്ന വാക്കുകൾ പക്ഷേ പ്രവർത്തനത്തിലേക്ക് നയിച്ചിട്ടില്ല. ഞങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും അവരുടെ ശൂന്യമായ വാഗ്ദാനങ്ങളിൽ മുങ്ങിപ്പോകുന്നു. തീർച്ചയായും നമുക്ക് സൃഷ്ടിപരമായ സംഭാഷണം ആവശ്യമാണ്'-ഗ്രെറ്റ പറഞ്ഞു. ഗ്രെറ്റയുടെ പരാമർശങ്ങളെക്കുറിച്ച് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎൻ പരിസ്ഥിതിയുടെ ഉപ പരിപാടിയുടെ കോർഡിനേറ്റർ നിക്കോളാസ് ഹഗൽബെർഗ് പ്രതികരിച്ചിട്ടുണ്ട്.
'ഞാനും നിരാശനാണ്. കാര്യങ്ങൾ ശാസ്ത്രീയമായി നമ്മുക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നമ്മൾ സംസാരിക്കുന്നത് വളരെ സങ്കീർണമായ ഒരു പ്രശ്നത്തെക്കുറിച്ചാണ്. എനിക്ക് 'ബ്ലാ ബ്ലാ' മനസ്സിലായി. കൂടുതൽ കഠിനാധ്വാനം ചെയ്യണം എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്'-ഹാഗൽബെർഗ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.