ഗ്രിഡ് തകരാർ; പാകിസ്താനിൽ വൈദ്യുതി ബന്ധം താറുമാറായി
text_fieldsഇസ്ലാമാബാദ്: ഗ്രിഡ് തകരാറിനെത്തുടർന്ന് പാകിസ്താനിൽ തിങ്കളാഴ്ച രാവിലെ മുതൽ വൈദ്യുതി ബന്ധം താറുമാറായി. സംവിധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഗ്രിഡിന്റെ പ്രവർത്തനത്തിൽ ഉണ്ടായ തകരാറാണ് പ്രശ്നത്തിന് കാരണമായതെന്നും ഇത് വൈദ്യുതി വിതരണത്തിൽ സാരമായി ബാധിച്ചെന്നും പാകിസ്താൻ ഊർജ മന്ത്രാലയം വ്യക്തമാക്കി.
ക്വറ്റ ഇലക്‌ട്രിക് സപ്ലൈ കമ്പനി (ക്യുഎസ്‌കോ) പറയുന്നതനുസരിച്ച് ഗുഡ്ഡുവിൽ നിന്ന് ക്വറ്റയിലേക്കുള്ള രണ്ട് ട്രാൻസ്മിഷൻ ലൈനുകൾ തകരാറിലായിട്ടുണ്ട്. ക്വറ്റ ഉൾപ്പെടെ ബലൂചിസ്താനിലെ 22 ജില്ലകളിലും കറാച്ചിയിലെ നിരവധി പ്രദേശങ്ങളിലും തിങ്കാളാഴ്ച രാവിലെ വൈദ്യുതി തടസ്സം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇസ്ലാമാബാദിൽ 117 ഗ്രിഡ് സ്റ്റേഷനുകളിൽ വൈദ്യുതിയില്ല. പെഷവാറിലും വൈദ്യുതി മുടങ്ങിയിട്ടുണ്ട്. ചില ഗ്രിഡുകൾ ഇതിനകം വൈദ്യുതി പുനസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.
മൂന്ന് മാസത്തിനിടെ പാകിസ്താനിൽ രണ്ടാം തവണയാണ് വ്യാപക വൈദ്യുതി തകരാർ സംഭവിക്കുന്നത്.
2021-ൽ തെക്കൻ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന പവർ പ്ലാന്റിൽ ട്രാൻസ്മിഷൻ സിസ്റ്റത്തിന്റെ ഫ്രീക്വൻസി 50ൽ നിന്ന് പൂജ്യമായി താഴ്ന്നതിനാൽ സമാനമായ തടസ്സം നേരിട്ടിരുന്നു. ഒരു ദിവസത്തിനു ശേഷമാണ് അന്ന് വൈദ്യുതി പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.