ഇറാൻ ഹിജാബ് വിരുദ്ധ സമരം; യുവാവിന്റെ മൃതദേഹത്തിനരികിൽ പൊട്ടിക്കരഞ്ഞ് മുടി മുറിച്ച് സഹോദരി
text_fieldsതെഹ്റാൻ: ലോകരാജ്യങ്ങളിലേക്ക് വ്യാപിച്ച ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രതിഷേധത്തിനിടെ 41ലധികം പേർ ഇറാനിൽ മരിച്ചുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. സമരത്തിന് മുൻനിരയിലുള്ളത് സ്ത്രീകളാണ്. പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരിൽ സ്ത്രീകളുമുണ്ട്. സമരത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി 700 പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. 2019ൽ ഇന്ധനവിലയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിന് ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ സമരമാണ് ഇത്. കടുത്ത ഇന്റർനെറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും പ്രതിഷേധം അതിശക്തമായി തുടരുകയാണ്.
പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട ജവാദ് ഹൈദരിയുടെ സംസ്കാര ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ദൃശ്യത്തിൽ, ജവാദ് ഹൈദരിയുടെ മൃദദേഹത്തിനരികെയിരുന്ന് അദ്ദേഹത്തിന്റെ സഹോദരി അവളുടെ മുടി മുറിക്കുന്നത് കാണാം. ചുറ്റുമുള്ളവരുടെ ആശ്വാസവാക്കുകൾ കേൾക്കാതെ അപ്പോഴും അവൾ പൊട്ടിക്കരയുന്നുണ്ട്.
ഇറാനിൽ ഹിജാബ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനിയെന്ന യുവതി മരിച്ചതിനെ തുടർന്നാണ് രാജ്യത്ത് വൻ പ്രധിഷേധം ആരംഭിച്ചത്. പിന്നീട് ലോകരാജ്യങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മഹ്സ അമീനി മരിച്ചതെന്ന് പൊലീസ് വാദിച്ചെങ്കിലും കുടുംബവും സാമൂഹിക പ്രവർത്തകരും അത് അംഗീകരിച്ചിട്ടില്ല. പൊലീസ് മർദനം കാരണമാണ് മകൾ മരിച്ചതെന്ന് മഹ്‌സയുടെ കുടുംബം ആരോപിക്കുന്നത്.
പാരിസിൽ ഇറാൻ എംബസിയിലേക്ക് മാർച്ച് നടത്തിയ നൂറുകണക്കിന് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലണ്ടനിലെ ഇറാൻ എംബസിയിലേക്ക് ബാരിക്കേഡ് തകർത്ത് കടക്കാൻ ശ്രമിച്ചവരും പൊലീസുമായി ഏറ്റുമുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.