വെടിവെപ്പ് പരിശീലനം നിർത്താൻ ആവശ്യപ്പെട്ടതിന് അയൽവീട്ടിലെ പിഞ്ചുകുട്ടിയടക്കം അഞ്ചുപേരെ വെടിവെച്ചുകൊന്നു
text_fieldsവെടിവെപ്പ് പരിശീലനം ശല്യമായതോടെ നിർത്താൻ ആവശ്യപ്പെട്ടതിന് അഞ്ചുപേരെ വെടിവെച്ചുകൊന്ന് യുവാവ്. അമേരിക്കയിലെ ഹൂസ്റ്റണിലാണ് നാടിനെ നടുക്കിയ വൻ അതിക്രമം. പിഞ്ചുമക്കൾക്ക് ഉറങ്ങാൻ പ്രയാസമാകുന്നതിനാൽ തത്കാലം നിർത്തിവെക്കണമെന്ന് അയൽ വീട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. ഉടൻ തോക്കുമായി എത്തിയ 38കാരൻ എട്ടുവയസ്സുകാരനടക്കം അഞ്ചുപേരെയാണ് വെടിവെച്ചുകൊന്നത്. രണ്ടു സ്ത്രീകളും കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടുകുട്ടികൾക്കു മുകളിലാണ് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈ കുട്ടികളുടെ ജീവൻ രക്ഷിക്കാനാണ് ഇവർ ഇങ്ങനെ ചെയ്തതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. എല്ലാവരുടെയും തലക്കാണ് പ്രതി വെടിവെച്ചത്.
കൊല്ലപ്പെട്ടത് ഹോണ്ടുറാസ് പൗരന്മാരായ കുടുംബമാണ്. പ്രതിയെന്ന് സംശയിക്കുന്നയാൾ മെക്സിക്കോക്കാരനും. ഇയാളെ കണ്ടെത്താനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മദ്യപിച്ച നിലയിലായിരുന്നു പ്രതിയെന്ന് സൂചനയുണ്ട്. ഇയാളുടെ അടുത്തുചെന്ന് അയൽവീട്ടുകാർ പരിശീലനം നിർത്താൻ പറയുകയായിരുന്നു. എന്നാൽ, അനുസരിക്കാതെ വീട്ടിനകത്തേക്ക് കയറിയ ഇയാൾ തിര നിറച്ച തോക്കുമായി അയൽ വീട്ടിൽ അതിക്രമിച്ചുകടന്ന് മുതിർന്നവരെ എല്ലാവരെയും വെടിവെച്ചുകൊല്ലുകയായിരുന്നു. മൊത്തം 10 പേരാണ് വീട്ടിലുണ്ടായിരുന്നത്. ജീവനോടെ ബാക്കിയായത് പിഞ്ചുമക്കളും.
തോക്കുപയോഗം ഇപ്പോഴും നിയമവിരുദ്ധമായി മാറിയിട്ടില്ലാത്ത രാജ്യത്ത് അടുത്തിടെ വെടിവെപ്പ് ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. അലബാമയിൽ രണ്ടാഴ്ച മുമ്പാണ് നാലു യുവാക്കൾ ജന്മദിനാഘോഷ പരിപാടിക്കിടെ വെടിയേറ്റു മരിക്കുന്നത്. ടെക്സസിൽ കൗമാരക്കാരുടെ പരിപാടിയിൽ ഒമ്പത് കുട്ടികളെ വെടിവെച്ചുപരിക്കേൽപിച്ച സംഭവവുമുണ്ടായി.
ഈ വർഷം മാത്രം രാജ്യത്ത് 160ലേറെ തോക്കുപയോഗ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മൂന്നു വർഷത്തിനിടെ ഈ കണക്ക് 600ലേറെയും. 2017ൽ ലാസ് വെഗാസിലാണ് ഏറ്റവും വലിയ വെടിവെപ്പ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 50ലേറെ പേർ മരിച്ച വെടിവെപ്പിൽ 500ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.