യൂറോപ്പിലെ മൊണ്ടെനെഗ്രോയിൽ വെടിവെപ്പ്; കുട്ടികൾ ഉൾപ്പടെ പത്തു മരണം
text_fieldsലണ്ടൻ: തെക്കു കിഴക്കൻ യൂറോപ്പിലെ ചെറു രാജ്യമായ മൊണ്ടെനെഗ്രോയിൽ നടന്ന വെടിവെപ്പിൽ രണ്ടു കുട്ടികൾ അടക്കം പത്തു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 45കാരനായ അലക്സാണ്ടൻ മെട്രിനോവിച്ച് എന്നയാളാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. വെടിവെപ്പിനു പിന്നാലെ നടത്തിയ ആത്മഹത്യാശ്രമത്തെ തുടർന്ന് ഇയാളും മരിച്ചതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. സെദിന്യെ ടൗണിലെ റസ്റ്ററന്റിൽ ആദ്യം നടത്തിയ വെടിവെപ്പിൽ നാലു പേരും അവിടെ നിന്നിറങ്ങിയതിനുശേഷം മറ്റു മൂന്നിടങ്ങളിലായി നടത്തിയ ആക്രമണത്തിൽ രണ്ടു കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ ആറു പേരും കൊല്ലപ്പെട്ടു. പരിക്കേറ്റ നാലു പേരുടെ നില ഗുരുതരമാണ്.
അക്രമി നിയമവിരുദ്ധമായി ആയുധങ്ങൾ സൂക്ഷിച്ചിരുന്ന പശ്ചാത്തലം ഉള്ളയാളാണെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇക്കാരണത്താൽ പൊലീസ് നേരത്തെ തന്നെ ഇയാളെ പിടികൂടാൻ പ്രത്യേക സംഘത്തെ സെദിന്യെക്ക് ചുറ്റും വിന്യസിച്ചിരുന്നു. വെടിവെപ്പ് നടത്തുന്നതിനു മുമ്പ് പ്രതി നന്നായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇത് സംഘടിത കുറ്റകൃത്യമല്ലെന്ന് കരുതുന്നുവെന്ന് മോണ്ടെനെഗ്രിൻ പ്രധാനമന്ത്രി മിലോകോ സ്പാജിക് പറഞ്ഞു.
മലനിരകളാൽ ചുറ്റപ്പെട്ട ചെറു താഴ്വാരമാണ് സെദിന്യെ. ഇവിടെ തോക്ക് സംസ്കാരം ആഴത്തിലാണെങ്കിലും വെടിവെപ്പുകൾ താരതമ്യേന അപൂർവമാണെന്ന് പറയുന്നു. എന്നാൽ, 2022ൽ നടന്ന വെടിവെപ്പിൽ സെദിന്യെയിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.