ഇസ്രായേലിനെ ഞെട്ടിച്ച് ഹൈഫയിൽ ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം; പത്ത് പേർക്ക് പരിക്ക്
text_fieldsജറൂസലം: തുറമുഖ നഗരമായ ഹൈഫയിലേക്ക് ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിൽ ഞെട്ടിത്തരിച്ച് ഇസ്രായേൽ. പത്ത് പേർക്ക് പരിക്കേറ്റു.
വടക്കൻ ഇസ്രായേലിൽ റോക്കറ്റാക്രമണം നടത്തുന്ന ഹിസുബുല്ല, ആദ്യമായാണ് ഹൈഫ നഗരത്തെ ലക്ഷ്യമിടുന്നത്. ഇസ്രായേലിന്‍റെ പ്രതിരോധ സംവിധാനമായ അയൺ ഡോമുകളും വ്യോമ പ്രതിരോധ സംവിധാനവും ഹിസ്ബുല്ലയുടെ റോക്കറ്റുകൾ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു. അഞ്ചു റോക്കറ്റുകളാണ് ഹൈഫ നഗരത്തിൽ പതിച്ചത്. റോക്കറ്റുകളെ പ്രതിരോധിക്കുന്നതിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടത്തിൽ ഇസ്രായേൽ പ്രതിരോധ സേന അന്വേഷണം പ്രഖ്യാപിച്ചു.
റോക്കറ്റുകൾ പതിച്ച് ട്രാഫിക് സർക്കിൾ ഉൾപ്പെടെ തകർന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഘർഷം രൂക്ഷമാകുന്നതിനിടെ ഇസ്രായേലിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് യു.കെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ലബനാനിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ നേരത്തെ നിർദേശം നൽകിയിരുന്നു. റോക്കറ്റിന്‍റെ അവശിഷ്ടങ്ങൾ പതിച്ചാണ് ആളുകൾക്ക് പരിക്കേറ്റതെന്ന് ഹൈഫയിലെ റാംബാം ആശുപത്രി അധികൃതർ അറിയിച്ചു.
ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഇസ്രായേൽ കനത്ത വ്യോമാക്രമണം തുടരുകയാണ്. ഞായറാഴ്ച രാത്രി നടത്തിയ ആക്രമണത്തിൽ നിരവധി പേർ മരിച്ചതായാണ് വിവരം. ഹിസ്ബുല്ലയുടെ ആയുധസംഭരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ വാദം. എന്നാൽ, ജനവാസ മേഖലയിൽ ഉൾപ്പെടെയാണ് മിസൈലുകൾ പതിച്ചത്. ക്രൂര വംശഹത്യക്ക് ഒരു വർഷം പൂർത്തിയായ വേളയിലും ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്.
ഗസ്സയിലെ അൽ അഖ്സ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹമാസിന്‍റെ കമാൻഡ് സെന്‍റർ തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.