ഹെയ്തിയിൽ ഭൂകമ്പം: മരണം 724; 2500ലേറെ പേർക്ക് പരിക്ക്
text_fieldsലേഗായ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 724 ആയി. 2500ലേറെ പേർക്ക് പരിക്കേൽക്കുകയും നൂറുകണക്കിന് വീടുകൾ തകരുകയും ചെയ്തു. ഹെയ്തിയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് ശനിയാഴ്ചയാണ് തുടർച്ചയായ ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പമാപിനിയിൽ 7.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭയന്നുവിറച്ച ആളുകൾ സുരക്ഷ തേടി തെരുവുകളിലേക്കോടുകയായിരുന്നു.
തകർന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂകമ്പം ചില നഗരങ്ങളെ തകർക്കുകയും മണ്ണിടിച്ചിലിന് കാരണമാക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇവ രക്ഷപ്രവർത്തനം തടസ്സപ്പെടുത്തുന്നുണ്ട്.
കോവിഡ് മഹാമാരി, പ്രസിഡൻറിന്റെ കൊലപാതകം തുടങ്ങിയ പ്രതിസന്ധികൾക്കിടെയാണ് ഭൂകമ്പം. ഇതിനു പുറമെ, ഉഷ്ണമേഖല കൊടുങ്കാറ്റ് അടുത്ത ആഴ്ചയോടെ ഹെയ്തിയിൽ ആഞ്ഞടിക്കുമെന്ന് യു.എസ് ജിയളോജിക്കൽ സർവേ പ്രവചിച്ചു. ദുരന്ത പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുന്നതായി പ്രധാനമന്ത്രി ഏരിയൽ ഹെൻറി പറഞ്ഞു. ഹെയ്തിയെ സഹായിക്കുമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ചു. 2010ൽ ഹെയ്തിയിൽ നടന്ന ഭൂകമ്പത്തിൽ രണ്ടു ലക്ഷത്തിലേറെ പേർ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.