ഉത്തരാഖണ്ഡിൽ മദ്രസ തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെട്ടു; 100 പേർക്ക് പരിക്ക്
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മദ്രസ തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെട്ടു. ബാൻഭൂൽപുരയിലാണ് സംഘർഷമുണ്ടായത്. ജില്ല മജിസ്ട്രേറ്റിന്റെ അറിയിപ്പ് പ്രകാരം മൂന്ന് പേർ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഘർഷങ്ങളെ തുടർന്ന് ഹൽദ്വാനിയിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം നടത്തുന്നവരെ കണ്ടാൽ വെടിവെക്കാനുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. സംഘർഷം ഒഴിവാക്കാൻ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഹൽദ്വാനിയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
സർക്കാർ ഭൂമി കൈയേറി നിർമിച്ചതെന്നാരോപിച്ച് മുനിസിപ്പൽ കോർപറേഷൻ അധികൃതർ മദ്റസ കെട്ടിടം തകർത്തതിനെ തുടർന്നാണ് ഹൽദ്വാനിയിൽ സംഘർഷമുണ്ടായത്. ഏതാനും ദിവസങ്ങളായി കോർപറേഷന്റെ നേതൃത്വത്തിൽ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കൽ നടക്കുന്നുണ്ട്. കൈയേറിയ മൂന്ന് ഏക്കർ തിരിച്ചുപിടിച്ചിരുന്നതായും മദ്റസ കെട്ടിടം പൂട്ടി സീൽ ചെയ്തിരുന്നതായും മുനിസിപ്പൽ കമീഷണർ പങ്കജ് ഉപാധ്യായ് പറഞ്ഞു. ഫെബ്രുവരി ഒന്നിന് മുമ്പ് ഒഴിയണമെന്ന് നോട്ടീസ് നൽകിയിരുന്നു.
പൊളിക്കരുതെന്ന് മത, രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതർ വഴങ്ങിയില്ല. പ്രദേശവാസികൾ നമസ്കാരത്തിനുകൂടി ഉപയോഗിച്ചിരുന്ന കെട്ടിടം വ്യാഴാഴ്ച ബുൾഡോസറുമായെത്തി തകർക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.