യുദ്ധാനന്തര ഗസ്സയുടെ ഭരണം: ഹമാസ്, ഫതഹ് ധാരണ ഉടനെന്ന് റിപ്പോർട്ട്
text_fieldsകൈറോ: യുദ്ധാനന്തര ഗസ്സയുടെ ഭരണം കൈയാളാൻ രാഷ്ട്രീയമായി സ്വതന്ത്രരായ ഉദ്യോഗസ്ഥ സമിതിയെ നിയമിക്കാനുള്ള കരാറിൽ ഹമാസും ഫതഹും ഉടൻ ഒപ്പുവെക്കുമെന്ന് റിപ്പോർട്ട്. ഗസ്സയിൽ ഹമാസ് ഭരണം പൂർണമായി അവസാനിപ്പിക്കുന്ന നീക്കം വെടിനിർത്തൽ ചർച്ചകളിൽ നിർണായകമാകും.
ഇരുകക്ഷികൾക്കുമിടയിൽ സമവായത്തിന് നടന്ന ശ്രമങ്ങൾ ഏറെയായി പരാജയമായിരുന്നു. പ്രതിസന്ധി അവസാനിപ്പിച്ചാണ് കൈറോയിലെ ചർച്ചകളിൽ ധാരണ. 12-15 അംഗങ്ങളാകും ഉദ്യോഗസ്ഥ സമിതിയിലുണ്ടാവുക. മിക്കവരും ഗസ്സക്കാരാകും. വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ അതോറിറ്റിക്കാകും മേൽനോട്ടം. അതേ സമയം, ഉദ്യോഗസ്ഥർ ആരൊക്കെയെന്നതടക്കം വിഷയങ്ങളിൽ കൂടി ധാരണ ആകാനുണ്ട്. എല്ലാ ഫലസ്തീനി സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ കൈറോയിൽ കരാർ പ്രഖ്യാപനമുണ്ടാകും. ഗസ്സ ഭരണം ഹമാസിനോ ഫതഹിനോ കൈമാറില്ലെന്നാണ് ഇസ്രായേൽ നിലപാട്. അതേ സമയം, പരിഷ്കരിച്ച ഫലസ്തീൻ അതോറിറ്റിക്ക് കൈമാറണമെന്ന് യു.എസ് പറയുന്നു.
അതേ സമയം, ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി നിയന്ത്രണങ്ങളില്ലാതെ തുടരുകയാണ്. 24 മണിക്കൂറിനിടെ 36 പേർ കൊല്ലപ്പെട്ടു. 96 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗസ്സയിൽ ഭക്ഷ്യവസ്തുക്കൾക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ക്ഷാമമാണ് നേരിടുന്നതെന്ന് യു.എൻ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.