‘സൂപ്പർ നോവ’ ആക്രമിക്കാൻ ഹമാസിന് പദ്ധതിയില്ലായിരുന്നു -ഇസ്രായേൽ പൊലീസ്
text_fieldsതെൽഅവീവ്: ഒക്ടോബർ ഏഴിലെ അതിർത്തികടന്നുള്ള ആക്രമണത്തിനിടെ സൂപ്പർനോവ സംഗീതപരിപാടിയിൽ പങ്കെടുക്കുന്നവരെ വെടിവെച്ചിടാൻ ഹമാസിന് പദ്ധതിയില്ലായിരുന്നുവെന്ന് ഇസ്രായേലി പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്.
ഹമാസിന്റെ ആക്രമണത്തിലല്ല, ഇസ്രായേലി ഹെലികോപ്ടറിൽനിന്നുണ്ടായ വെടിവെപ്പിലാണ് നിരവധി പേർ മരിച്ചതെന്നും ഇസ്രായേലി പത്രമായ ‘ഹാരറ്റ്സ്’ റിപ്പോർട്ട് ചെയ്തു. ഗസ്സക്കടുത്ത ഇസ്രായേലി അതിർത്തിഗ്രാമമായ കിബുറ്റ്സ് റീം ആക്രമിക്കലായിരുന്നു ഹമാസിന്റെ ലക്ഷ്യം. ഡ്രോൺ നിരീക്ഷണത്തിലൂടെയാണ് സംഗീതപരിപാടി നടക്കുന്ന വിവരമറിഞ്ഞത്.
തുടർന്ന് പോരാളികളെ ഇവിടേക്ക് തിരിച്ചുവിടുകയായിരുന്നു. ഇസ്രായേൽ സേനയുടെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് അംഗങ്ങളുടെ മൃതദേഹം പരിശോധിച്ചപ്പോൾ ആക്രമിക്കേണ്ട സ്ഥലങ്ങളുടെ ഭൂപടം ലഭിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിൽ സംഗീതപരിപാടി നടന്ന സ്ഥലം ഉൾപ്പെട്ടിരുന്നില്ല. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സംഗീതപരിപാടി നടന്നത്. ശനിയാഴ്ച ഹമാസ് ആക്രമണം നടക്കുമ്പോഴേക്ക് പരിപാടിക്കെത്തിയ ഭൂരിഭാഗം പേരും സ്ഥലംവിട്ടിരുന്നു.
അവശേഷിക്കുന്നവർക്കിടയിലേക്കാണ് ഹമാസ് ഇരച്ചുകയറിയത്. ഇവരെ നേരിടാൻ റമത് ഡേവിഡ് ബേസിൽനിന്ന് പറന്നുയർന്ന ഹെലികോപ്ടറിൽനിന്നുള്ള വെടിവെപ്പിലും നിരവധി ഇസ്രായേലികൾ മരിച്ചതായി പത്രം റിപ്പോർട്ട് ചെയ്തു. 17 പൊലീസ് ഓഫിസർമാരടക്കം 364 പേരാണ് മരിച്ചതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 270 പേർ മരിച്ചുവെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. 40 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു.
സുരക്ഷസേനയുടെ ആക്രമണത്തിൽ സ്വന്തം പൗരന്മാർ കൊല്ലപ്പെട്ടുവെന്ന വിവരം ഇതാദ്യമായാണ് ഇസ്രായേൽ സമ്മതിക്കുന്നത്. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ മരിച്ച പൗരന്മാരുടെ എണ്ണം 1400ൽനിന്ന് 1200 ആയി ഇസ്രായേൽ തിരുത്തിയിരുന്നു.
തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞ 200 ഹമാസ് പോരാളികളുടെ മൃതദേഹം കണക്കിൽപെട്ടതിനാലാണിതെന്നായിരുന്നു വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.