വെടിനിർത്തൽ ചർച്ച: ഹമാസ് സംഘം കൈറോയിൽ
text_fieldsകൈറോ: ലക്ഷങ്ങൾ അഭയാർഥികളായി കഴിയുന്ന റഫയിൽ കരയാക്രമണം കടുപ്പിക്കാനുള്ള ഇസ്രായേൽ നീക്കത്തിനു പിന്നാലെ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ കൈറോയിൽ നടക്കുന്ന ചർച്ചയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് യു.എസ് ദേശീയ സുരക്ഷ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.
ഇസ്രായേൽ സംഘം ചൊവ്വാഴ്ച മധ്യസ്ഥരുമായി ചർച്ച നടത്തിയതിനു പിന്നാലെ ബുധനാഴ്ച ഹമാസ് സംഘവും കൈറോയിലെത്തി. ഗസ്സയിൽ ആറാഴ്ച വെടിനിർത്തലിനുള്ള ചർച്ചയാണ് നടക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ ഡയറക്ടർ വില്യം ബേൺസും ഇസ്രായേൽ ചാരസംഘടനയായ മൊസാദ് മേധാവി ഡേവിഡ് ബെർണിയയും ചർച്ചക്കായി കഴിഞ്ഞദിവസം കൈറോയിലെത്തിയിരുന്നു. വെടിനിർത്തൽ വ്യവസ്ഥകൾ പുറത്തുവന്നിട്ടില്ലെങ്കിലും ചർച്ച ശരിയായ ദിശയിലാണെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വീട് നഷ്ടപ്പെട്ട് അഭയാർഥികളായ 14 ലക്ഷത്തോളം പേർ തിങ്ങിത്താമസിക്കുന്ന റഫയിൽ ആക്രമണം നടന്നാൽ സമാനതകളില്ലാത്ത ദുരന്തത്തിനായിരിക്കും സാക്ഷ്യംവഹിക്കേണ്ടിവരുകയെന്ന് മധ്യസ്ഥർ ഇസ്രായേലിനെ അറിയിച്ചിട്ടുണ്ട്. നിരപരാധികളുടെ കൂട്ടക്കുരുതി അനുവദിക്കില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ബൈഡൻ ഭരണകൂടം ഇസ്രായേലിന് സൈനിക സഹായം തുടരുകയാണ്.
ആക്രമണം സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ കൂട്ടക്കുരുതിയിലേക്ക് നയിക്കുമെന്ന് ഐക്യരാഷ്ട്രസഭ സഹായവിതരണം വിഭാഗം അണ്ടർസെക്രട്ടറി മാർട്ടിൻ ഗ്രിഫിത്സും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, ഖാൻയൂനുസിലെ നാസർ ആശുപത്രി വളഞ്ഞ ഇസ്രായേൽ സേന രോഗികളോടും ജീവനക്കാരോടും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നിരവധി അഭയാർഥികളും ആശുപത്രി പരിസരത്തുണ്ട്. ആശുപത്രിക്കു ചുറ്റും രൂക്ഷ പോരാട്ടമാണ് നടക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആശുപത്രിയുടെ വടക്കേ പ്രവേശന കവാടം തകർത്ത ഇസ്രായേൽ സേന കെട്ടിടാവശിഷ്ടങ്ങളും മണലും ഉപയോഗിച്ച് വഴിയടച്ചു. ഡോക്ടർമാർക്കും നഴ്സുമാർക്കും നേരെ വെടിയുതിർക്കുകയാണ്. ആശുപത്രി മുറ്റത്തും മൃതദേഹങ്ങൾ കുന്നുകൂടിക്കിടക്കുന്നുണ്ട്.
ലബനാനിൽ ഇസ്രായേൽ ആക്രമണം; നാലുമരണം
ബൈറൂത്: സുവാന, അദ്ഷിത് നഗരങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാലുമരണം. സുവാനയിൽ ഒരു സ്ത്രീയും രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടത്. അദ്ഷിത്തിൽ ഒരാളും.
ലബനാനിൽനിന്ന് ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തിൽ ഇസ്രായേലി വനിത കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് ആക്രമണം. എട്ട് ഇസ്രായേലികൾക്ക് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.