‘ശൈഖ് യാസീനും റൻതീസിയും കൊല്ലപ്പെട്ടപ്പോൾ തളർന്നിട്ടില്ല’; നേതാക്കളുടെ രക്തസാക്ഷിത്വം സ്വാതന്ത്ര്യ പോരാട്ടത്തിന് പ്രചോദനമെന്ന് ഹമാസ്
text_fieldsഗസ്സ: നേതാക്കളെ കൊലപ്പെടുത്തിയാൽ ഹമാസിന്റെയും ഫലസ്തീൻ ജനതയുടെ പോരാട്ടത്തിന്റെയും അന്ത്യമാണെന്നാണ് ഇസ്രായേൽ വിശ്വസിക്കുന്നതെന്നും എന്നാൽ, സ്വാതന്ത്ര്യവും അന്തസും തേടുന്ന ജനത നയിക്കുന്ന വിമോചന പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നും സംഘടന പൊളിറ്റിക്കൽ ബ്യൂറോയിലെ മുതിർന്ന അംഗം ബാസിം നയീം. ഹമാസ് തലവൻ യഹ്യ സിൻവാർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെ വാർത്ത ഏജൻസിയായ എ.എഫ്.പിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപകരായ ശൈഖ് അഹ്മദ് യാസീൻ, അബ്ദുൽ അസീസ് റൻതീസി എന്നിവരുൾപ്പെടെ നിരവധി നേതാക്കളെ ഇസ്രായേൽ കൊലപ്പെടുത്തിയപ്പോഴെല്ലാം ഹമാസ് ശക്തവും കൂടുതൽ ജനകീയവുമായിത്തീരുകയാണുണ്ടായതെന്നും ഈ നേതാക്കൾ ഭാവി തലമുറകൾക്ക് സ്വതന്ത്ര ഫലസ്തീനിനായി പോരാട്ടം തുടരാനുള്ള പ്രചോദനമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞങ്ങളുടെ നേതാക്കളെ കൊല്ലുന്നത് ഞങ്ങളുടെ പ്രസ്ഥാനത്തിന്റെയും ഫലസ്തീൻ ജനതയുടെ പോരാട്ടത്തിന്റെയും അന്ത്യമാണെന്ന് ഇസ്രായേൽ വിശ്വസിക്കുന്നു. സ്ഥാപകരായ ശൈഖ് അഹ്മദ് യാസീൻ, അബ്ദുൽ അസീസ് റൻതീസി എന്നിവരുൾപ്പെടെ നിരവധി നേതാക്കളെ ഇസ്രായേൽ കൊലപ്പെടുത്തിയിട്ടുണ്ട്. ഹമാസ് ഓരോ തവണയും ശക്തവും കൂടുതൽ ജനകീയവുമായിത്തീരുകയാണുണ്ടായത്. ഈ നേതാക്കൾ ഭാവി തലമുറകൾക്ക് സ്വതന്ത്ര ഫലസ്തീനിനായി പോരാട്ടം തുടരാനുള്ള പ്രചോദനമായി മാറുകയും ചെയ്തു’ -ബാസിം നയീം പറഞ്ഞു.
ഗസ്സ, ജറുസലേം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന കിരാത നടപടികൾക്കുള്ള മറുപടിയായിരുന്നു ഒക്‌ടോബർ ഏഴിലെ ആക്രമണം. സ്വാതന്ത്ര്യവും അന്തസും തേടുന്ന ജനങ്ങൾ നയിക്കുന്ന വിമോചന പ്രസ്ഥാനമാണ് ഹമാസ്, ഇതിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് തലവൻ യഹ്യ സിൻവാർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇന്നാണ് സംഘടന ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തെക്കൻ ഗസ്സയിലെ റഫയിലെ താൽ അൽ സുൽത്താനിലെ കെട്ടിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മൂന്നുപേരിൽ ഒരാൾ സിൻവാറാണെന്ന് ഇസ്രായേൽ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാൽ, ആ സമയത്ത് ഹമാസ് മരണം സ്ഥിരീകരിച്ചിരുന്നില്ല. ബുധനാഴ്ച രാത്രി തെക്കൻ ഗസ്സയിലുള്ള സതേൺ കമാൻഡ് 828ാം ബ്രിഗേഡിലെ ഇസ്രായേൽ സൈനികരാണ് ആക്രമണം നടത്തിയത്. ഇസ്മായിൽ ഹനിയ്യ തെഹ്റാനിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹമാസിന്റെ ഏറ്റവും കരുത്തനും കാർക്കശ്യക്കാരനുമായ നേതാവായി അറിയപ്പെടുന്ന സിൻവാർ ഹമാസ് മേധാവിയായി ചുമതലയേറ്റത്. ഇസ്രായേലിനെ വിറപ്പിച്ച ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനായി അറിയപ്പെടുന്ന സിൻവാർ, ഹമാസിൽ ഹനിയ്യ കഴിഞ്ഞാൽ രണ്ടാമനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.