ഹമാസ് ഭീകര സംഘടനയല്ല, അയൽക്കാരോട് ഇസ്രായേൽ നല്ല ബന്ധം സ്ഥാപിക്കണം -യു.എൻ റിലീഫ് മേധാവി മാർട്ടിൻ ഗ്രിഫിത്ത്‌സ്
text_fieldsയുനൈറ്റഡ് നേഷൻസ്: ഹമാസ് ഭീകര സംഘടനയല്ലെന്നും രാഷ്ട്രീയ പ്രസ്ഥാനമാണെന്നും യു.എൻ റിലീഫ് മേധാവി മാർട്ടിൻ ഗ്രിഫിത്ത്‌സ്. ഭവന രഹിതരായ 14 ലക്ഷത്തോളം മനുഷ്യർ തമ്പടിച്ച റഫയിൽ ഇസ്രായേൽ ആക്രമണം നടത്താനൊരുങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും ഇതേക്കുറിച്ചോർത്ത് രാത്രി ഉറക്കം നഷ്ടപ്പെടുന്നുവെന്നും സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഗ്രിഫിത്ത്സ് പറഞ്ഞു.
ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും ഗസ്സ ഭരണം തീവ്രവാദ സംഘത്തിന് നൽകില്ലെന്നുമുള്ള ഇസ്രയേലിന്റെ പ്രഖ്യാപനം യാഥാർഥ്യമാകുമോ എന്ന് അഭിമുഖകാരൻ ചോദിച്ചപ്പോഴായിരുന്നു ഗ്രിഫിത്ത്സിന്റെ പ്രതികരണം. “ഹമാസ് ഞങ്ങൾക്ക് ഒരു തീവ്രവാദ ഗ്രൂപ്പല്ല. നിങ്ങൾക്കറിയാവുന്നതുപോലെ അതൊരു രാഷ്ട്രീയ പ്രസ്ഥാനമാണ്. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ യുദ്ധത്തിലൂടെ ഒരു പ്രസ്ഥാനത്തെ പുറത്താക്കുന്നത് വളരെ ബുദ്ധിട്ടാണെന്ന് ഞാൻ കരുതുന്നു’ -അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിൽ നന്നായി വേരൂന്നിയ സംഘത്തെ യുദ്ധത്തിലൂടെ അതിജയിച്ചതിന് ഒരിടത്തും മുൻമാതൃകയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒക്‌ടോബർ 7ലെ ഹമാസ് ആക്രമണം ഇസ്രയേലിന് ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ച് തനിക്ക് പൂർണ്ണമായ ധാരണയുണ്ടെന്ന് പറഞ്ഞ ഗ്രിഫിത്ത്സ്, അയൽക്കാരുമായി ഇസ്രായേൽ നല്ല ബന്ധം സ്ഥാപിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പ് നൽകി.
ഗസ്സയിലേക്ക് സഹായം എത്തിക്കാൻ ഐക്യരാഷ്ട്രസഭ പാടുപെടുകയാണെന്നും റഫയിൽ ആക്രമണം ആരംഭിച്ചതോടെ ഫലസ്തീനികൾക്ക് ഒഴിഞ്ഞുപോകാൻ സുരക്ഷിതമായ ഒരിടം പോലുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഫ വിഷയത്തിൽ ഇസ്രായേലുമായി ചർച്ച നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇസ്രായേൽ ഈ വിഷയത്തിൽ യു.എൻ ഉദ്യോഗസ്ഥരുമായി ദിവസേന ചർച്ച നടത്തിയിരുന്നുവെന്നും സാധാരണക്കാരെ ഒഴിപ്പിക്കാൻ ഇസ്രായേലി ഉദ്യോഗസ്ഥർ യു.എന്നിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗ്രിഫിത്ത്സ് പ്രതികരിച്ചു. എന്നാൽ, ഫലസ്തീൻ പൗരന്മാരെ നിർബന്ധിതമായി കുടിയൊഴിപ്പിക്കാൻ ഐക്യരാഷ്ട്രസഭ സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആഭ്യന്തരയുദ്ധം നടന്ന സിറിയയേക്കാൾ മോശമായ മാനുഷിക പ്രതിസന്ധിയാണ് ഗസ്സക്കാർ അനുഭവിക്കുന്നത്. കാരണം, സിറിയക്കാർക്ക് രക്ഷപ്പെടാൻ സുരക്ഷിത ഇടങ്ങളുണ്ടായിരുന്നു. എന്നാൽ ഗസ്സയിൽ ആളുകൾക്ക് രക്ഷപ്പെടാൻ ഒരിടവുമില്ല’ -അദ്ദേഹം പറഞ്ഞു.
ഗ്രിഫിത്തിന്റെ അഭിപ്രായങ്ങൾക്കെതിരെ ഇസ്രായേൽ സർക്കാർ വക്താവ് എലിയോൺ ലെവി രംഗത്തുവന്നു. 9/11 ന് ശേഷമുള്ള ഏറ്റവും മാരകമായ ഭീകരാക്രമണം നടത്തിയവരോട് കീഴടങ്ങാൻ ആവശ്യപ്പെടുന്നതിനുപകരം അവരെ സംരക്ഷിക്കാൻ തന്റെ അധികാരം അദ്ദേഹം ദുരുപയോഗം ചെയ്യുകയാണെന്ന് ലെവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.