അടുത്തഘട്ട വെടിനിർത്തൽ ചർച്ചക്ക് തയാറെന്ന് ഹമാസ്; മധ്യസ്ഥരെ കൈറോയിലേക്ക് അയക്കുമെന്ന് നെതന്യാഹു
text_fieldsഇസ്രായേൽ വിട്ടയച്ച ഫലസ്തീനി തടവുകാരൻ കാലിൽ വ്രണങ്ങളുമായി ഗസ്സയിലെ ആശുപത്രിയിൽ
ഖാൻ യൂനുസ്: ഗസ്സയിൽ അടുത്തഘട്ട വെടിനിർത്തൽ ചർച്ചക്ക് തയാറാണെന്ന് ഹമാസ്. ആദ്യഘട്ട വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള അവസാന ബന്ദി ൈകമാറ്റത്തിന് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം.
അവസാനഘട്ടത്തിൽ നാലു ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസും 600ലേറെ ഫലസ്തീൻ തടവുകാരെ ഇസ്രായേലും കൈമാറി. ആദ്യഘട്ട വെടിനിർത്തൽ കരാർ ഈയാഴ്ചയാണ് അവസാനിക്കുന്നത്.
അതേസമയം, മധ്യസ്ഥരെ കൈറോയിലേക്ക് അയക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. എന്നാൽ, ഇതിന്റെ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. ഗസ്സയിൽ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുകയും ജയിലിലുള്ള കൂടുതൽ ഫലസ്തീനികളെ വിട്ടയക്കുകയും ചെയ്താൽ മറ്റു ബന്ദികളെ കൈമാറാമെന്നാണ് ഹമാസ് നിലപാട്. ചർച്ചയിലൂടെ മാത്രമേ ഇനി ബന്ദികളെ വിട്ടയക്കുകയുള്ളൂ. വെടിനിർത്തലിൽനിന്ന് പിൻവാങ്ങുന്നത് ബന്ദികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൂടുതൽ ബുദ്ധിമുട്ടിന് ഇടയാക്കുമെന്നും ഹമാസ് വ്യക്തമാക്കി.
വ്യാഴാഴ്ച ഇസ്രായേൽ വിട്ടയച്ച ഫലസ്തീനികളെ തെക്കൻ ഗസ്സയിലെ ഖാൻയൂനുസിൽ ജനക്കൂട്ടം സ്വീകരിച്ചു. ഇവരിൽ പലരും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരാണ്. 445 പുരുഷന്മാർ, 21 കൗമാരക്കാർ, ഒരു വനിത എന്നിവരാണുള്ളത്. ചടങ്ങുകളില്ലാതെയാണ് നാലു മൃതദേഹങ്ങൾ ഹമാസ് റെഡ്ക്രോസിന് കൈമാറിയത്.
ഇനി ബന്ദികൾ 59
ആദ്യഘട്ട വെടിനിർത്തൽ കരാറിന്റെ ഭാഗമായി എട്ട് മൃതദേഹങ്ങൾ ഉൾപ്പെടെ 33 ബന്ദികളെയും, ഇസ്രായേൽ 2000 ഫലസ്തീനികളെയുമാണ് കൈമാറിയത്. ഇനി 59 ബന്ദികളാണ് ഹമാസിന്റെ കൈയിലുള്ളത്. ഇവരിൽ 32 പേർ കൊല്ലപ്പെട്ടുവെന്ന് കണക്കാക്കുന്നു. 250 ഇസ്രായേലികളെയാണ് ബന്ദിയാക്കിയത്. ഇവരിൽ 150ലേറെ പേരെ വെടിനിർത്തൽ കരാറിന്റെ ഭാഗമായും അല്ലാതെയും വിട്ടയച്ചു. നിരവധി മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം കണ്ടെടുത്തു. എട്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി.
രണ്ടാംഘട്ട ചർച്ചക്ക് ഇരുവിഭാഗവും തയാറാകണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മിഡിലീസ്റ്റ് വക്താവ് സ്റ്റീവ് വിറ്റ്കോഫ് ആവശ്യപ്പെട്ടു. അതേസമയം, ഗസ്സയിൽ ഹമാസിന്റെ സൈനിക ശേഷി തകർക്കുമെന്നും എല്ലാ ബന്ദികളെയും തിരികെയെത്തിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവർത്തിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.