ഹമാസ്-ഇസ്രായേൽ വെടിനിർത്തൽ: ആന്‍റണി ബ്ലിങ്കൻ വീണ്ടും ഇസ്രായേലിൽ
text_fieldsജറൂസലം: ഹമാസ്-ഇസ്രായേൽ വെടിനിർത്തൽ കരാർ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വീണ്ടും തെൽ അവീവിലെത്തി. 2023 ഒക്ടോബർ ഏഴിന് ഗസ്സ യുദ്ധം ആരംഭിച്ചശേഷം 11ാം തവണയാണ് ബ്ലിങ്കന്റെ പശ്ചിമേഷ്യ സന്ദർശനം.
ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം അവസാനിച്ച് മണിക്കൂറുകൾക്കകമാണ് ബ്ലിങ്കന്റെ വരവ്. ഹമാസ് ഉന്നത നേതാവ് യഹ്‍യ സിൻവാറിനെ ഇസ്രായേൽ കൊലപ്പെടുത്തിയശേഷം വെടിനിർത്തലിനുള്ള സാധ്യതകൾ ആരായുകയാണ് സന്ദർശനോദ്ദേശ്യം.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായും ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷ. ഇസ്രായേലിൽനിന്ന് ബ്ലിങ്കൻ ജോർഡൻ, സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലും എത്തുന്നുണ്ട്. ചർച്ചകൾക്കായി ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷ ഏജൻസി മേധാവി റോനൻ ബർ ഈജിപ്തിലെ കൈറോയിലെത്തി.
യഹ്‍യ സിൻവാറിന്റെ വധത്തോടെ സമാധാന ചർച്ചകൾ കൂടുതൽ പ്രതിസന്ധിയിലായിരുന്നു. ഗസ്സയിൽ സ്ഥിരം വെടിനിർത്തലും ഇസ്രായേലിന്റെ സമ്പൂർണ സൈനികപിന്മാറ്റവും വേണമെന്നാണ് ഹമാസിന്റെ ആവശ്യം. എന്നാൽ, പ്രധാനമന്ത്രി നെതന്യാഹുവിന് ഇത് സ്വീകാര്യമല്ല. അവശേഷിക്കുന്ന ബന്ദികളെ തിരിച്ചുകൊണ്ടുവരാൻ ഇസ്രായേലിൽ പ്രക്ഷോഭം ശക്തമാവുകയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.