ഇസ്രായേൽ തടവറയിൽ ഹമാസ് നേതാവ് മരിച്ചു; കൊലപാതകമെന്ന് ഹമാസ്, വ്യാപക പ്രതിഷേധം
text_fieldsജറൂസലം: ഇസ്രായേൽ തടവറയിലടച്ച അധിനിവേശ വെസ്റ്റ് ബാങ്കിലെ പ്രമുഖ ഹമാസ് നേതാവ് ഉമർ ദരാഗ്മ മരിച്ചു. ഒക്‌ടോബർ 9 ന് പിടികൂടിയ ഉമറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ഹമാസ് ആരോപിച്ചു. കൊലപാതകത്തിനെതിരെ റാമല്ലയിൽ ഇന്ന് പ്രതിഷേധ പരിപാടിക്ക് സംഘടന ആഹ്വാനം ചെയ്തു.
ഉമർ ദരാഗ്മയുടെ മരണവിവരം ഫലസ്തീനിയൻ പ്രിസണേഴ്‌സ് അസോസിയേഷൻ സ്ഥിരീകരിച്ചു. അതേസമയം, അസുഖബാധിതനായ ഉമറിന് പ്രാഥമിക ചികിത്സ നൽകിയെന്നും ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചുവെന്നുമാണ് ഇസ്രായേൽ വാദം.
ഇസ്രയേലികൾ അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്ന് ഹമാസും ഇസ്‍ലാമിക് ജിഹാദും ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള തൂബാസ് പട്ടണത്തിൽ പ്രതിഷേധപ്രകടനം നടന്നു.
അതേസമയം, ഗസ്സക്ക് പുറമേ അധിനിവേശ വെസ്റ്റ് ബാങ്കിലും ഫലസ്തീനികളെ നിഷ്‍കരുണം കൊലപ്പെടുത്തി ഇസ്രായേൽ സൈനിക നീക്കം ശക്തമാക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 95 ഫലസ്തീനികെളയാണ് വെസ്റ്റ് ബാങ്കിൽ കൊലപ്പെടുത്തിയത്. 1650 പേർക്ക് പരിക്കേറ്റു. ആയിരക്കണക്കിന് പേരെ തടവറയിലാക്കി.
അധിനിവേശ വെസ്റ്റ്ബാങ്കിൽ നബ്‍ലസിന് സമീപമുള്ള ബുർഖ ഗ്രാമത്തിൽ ഇസ്രായേൽ സൈന്യം ഇന്ന് പുലർച്ചെ ഫലസ്തീനികൾക്ക് നേരെ അക്രമം അഴിച്ചുവിട്ടു. ഒരു സൈനികന് പരിക്കേറ്റതായി ഇസ്രായേൽ സൈന്യം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.