അയ്യാഷ്, അഹ്മദ് യാസീൻ, ഹനിയ്യ; പോരാട്ടവഴിയിൽ വീരമൃത്യു വരിച്ച ഹമാസ് നേതാക്കൾ
text_fieldsഗസ്സ: ഒടുവിൽ, തന്റെ മുൻഗാമികളെ പോലെ ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയും പോരാട്ട വഴിയിൽ വീരമൃത്യു വരിച്ചിരിക്കുന്നു. പിറന്ന നാടിന്റെ വിമോചന പോരാട്ടത്തിനിടെയുള്ള രക്തസാക്ഷിത്വം ദൈവികമാർഗത്തിലുള്ള സമർപ്പണമാണെന്ന് വിശ്വസിക്കുന്ന ഹമാസിന് ഈ മരണവും കൂടുതൽ ഊർജം പകരുമെന്നതാണ് അവരുടെ മുൻകാല ചരിത്രം പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. ഇസ്രായേൽ കൊലപ്പെടുത്തിയ ആദ്യത്തെ ഹമാസ് നേതാവല്ല ഫലസ്തീൻ മുൻ പ്രധാനമന്ത്രി കൂടിയായ ഹനിയ്യ. ഏറ്റവും ഒടുവിലത്തേതുമായിരിക്കില്ല.
ഹമാസ് സ്ഥാപകനും ആത്മീയ നേതാവുമായ ശൈഖ് അഹ്മദ് യാസീന്റെ വിയോഗവും ഇതുപോലെയായിരുന്നു. വീൽചെയറിൽ പ്രഭാത നമസ്കാരത്തിന് പോകവേ 2004 മാർച്ചിലായിരുന്നു അദ്ദേഹത്തെ ഇസ്രായേൽ ഡ്രോൺ ആസൂത്രിതമായി ഇല്ലാതാക്കിയത്. തൊട്ടടുത്ത മാസം തന്നെ ഹമാസിന്റെ രണ്ടാമത്തെ മുതിർന്ന നേതാവിനെയും അവർ കൊലപ്പെടുത്തി. ഇവരുടെ രക്തസാക്ഷ്യത്തിന് പിന്നാലെ 2006ൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഫലസ്തീന്റെ ഭരണം ഹമാസിന്റെ കൈകളിലെത്തിയത്. ഇന്ന് പുലർച്ചെ മരിച്ച ഇസ്മാഈൽ ഹനിയ്യയെ ആയിരുന്നു അന്ന് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.
നീണ്ട ഇടവേളക്ക് ശേഷം ഈ വർഷമാദ്യമാണ് മറ്റൊരു ഹമാസ് ഉന്നത നേതാവ് ഇസ്രായേലിന്റെ ചതിക്കൊലക്ക് ഇരയാകുന്നത്. ജനുവരിൽ ബെയ്റൂത്തിൽ സാലിഹ് അൽഅറൂരിയാണ് വീരമൃത്യുവരിച്ചത്.
ഇസ്രായേൽ ആക്രമണത്തിൽ മരണം വരിച്ച ഹമാസ് നേതാക്കൾ:
1996 ജനുവരി: ഗസ്സയിലെ ബെയ്ത്ത് ലാഹിയയിൽ വെച്ച് ഹമാസ് സൈനിക നേതാവ് യഹ്‍യ അയ്യാഷിനെ ഇസ്രായേൽ കൊലപ്പെടുത്തി.
2004 മാർച്ച്: ഹമാസ് ആത്മീയ നേതാവും സ്ഥാപകനുമായ ശൈഖ് അഹ്മദ് യാസീൻ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
2004 ഏപ്രിൽ: അഹ്മദ് യാസീന്റെ പിൻഗാമിയും ഹമാസ് സഹസ്ഥാപകനുമായ അബ്ദുൽ അസീസ് അൽറൻതീസി ഗസ്സ സിറ്റിയിൽ ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
2024 ജനുവരി: മുതിർന്ന ഹമാസ് നേതാവ് സാലിഹ് അൽ-അറൂരി ബെയ്റൂത്തിൽ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
2024 ജൂലൈ: ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മാഈൽ ഹനിയ്യയെ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.