ഹമാസ് നേതാക്കൾ ദോഹയിലില്ല; ഓഫിസ് എന്നെത്തേക്കുമായി അടച്ചിട്ടില്ലെന്നും ഖത്തർ
text_fieldsകൈറോ : ഗസ്സക്ക് പുറത്തുള്ള ഏറ്റവും മുതിർന്ന ഹമാസ് നേതാവും അതിന്റെ ചർച്ചാ സംഘത്തിലെ മറ്റ് പ്രധാന വ്യക്തികളും ഇപ്പോൾ ദോഹയിൽ ഇല്ലെന്ന് ഖത്തർ സർക്കാറും മുതിർന്ന ഫലസ്തീൻ ഉദ്യോഗസ്ഥനും അറിയിച്ചു. ഗസ്സ വെടിനിർത്തൽ കരാറിലെ മധ്യസ്ഥ ശ്രമങ്ങൾ ഖത്തർ താൽക്കാലികമായി നിർത്തിയതിനാൽ ഹമാസിന്റെ ഓഫിസിന് ഇനി അതുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒന്നും ചെയ്യാനില്ലെന്ന് ഖത്തർ വിദേശകാര്യ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു. എന്നിരുന്നാലും ഓഫിസ് ശാശ്വതമായി അടച്ചിട്ടില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആതിഥേയ രാജ്യങ്ങൾക്ക് പ്രയാസം ഉണ്ടാകാതിരിക്കാൻ ഹമാസിന്റെ ചർച്ചാസംഘം മേഖലയിൽ തങ്ങളുടെ സാന്നിധ്യം ക്രമീകരിച്ചതായും അവരുടെ സ്ഥലങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണെന്നും ഫലസ്തീൻ ഉദ്യോഗസ്ഥൻ അറിയിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.
2012 മുതൽ ഹമാസിന്റെ രാഷ്ട്രീയകാര്യ ബ്യൂറോക്ക് ഖത്തർ ആതിഥേയത്വം വഹിക്കുകയും ഗ്രൂപ്പും ഇസ്രായേലും തമ്മിലുള്ള പരോക്ഷ ചർച്ചകൾ സുഗമമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. ഈ മാസം ആദ്യം ഗസ്സയിലെ വെടിനിർത്തലിന് ഇടനിലക്കാരനാകാനുള്ള ശ്രമങ്ങൾ താൽക്കാലികമായി നിർത്തിയതായി ഖത്തർ പ്രഖ്യാപിച്ചു. ‘ക്രൂരമായ യുദ്ധം അവസാനിപ്പിക്കാൻ പാർട്ടികൾ സന്നദ്ധതയും ഗൗരവവും കാണിക്കുമ്പോൾ’ മാത്രമേ തങ്ങൾ പുനഃരാരംഭിക്കൂവെന്നും പറഞ്ഞു. എന്നാൽ ഹമാസ് നേതാക്കളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെന്ന വാർത്ത അവർ നിഷേധിച്ചു.
അതിനിടയിലാണ് ചൊവ്വാഴ്ച വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി ചർച്ചാ സംഘത്തിലുള്ള ഹമാസിന്റെ നേതാക്കൾ ഇപ്പോൾ ദോഹയിൽ ഇല്ല എന്ന് വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചത്. ‘നിങ്ങൾക്കറിയാവുന്നതുപോലെ അവർ വ്യത്യസ്ത തലസ്ഥാനങ്ങൾക്കിടയിൽ നീങ്ങുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ, എനിക്ക് നിങ്ങളോട് വളരെ വ്യക്തമായി പറയാൻ കഴിയുന്നത് ദോഹയിലെ ഹമാസിന്റെ ഓഫിസ് ചർച്ചകൾക്കായി സൃഷ്ടിച്ചതാണെന്നാണ്. മധ്യസ്ഥ പ്രക്രിയ ഇല്ലെങ്കിൽ ഓഫിസിന്റെ ഒരു പ്രവർത്തനവും ഉണ്ടാകില്ല. ഓഫിസ് സംബന്ധമായ കാര്യങ്ങൾ ഔദ്യോഗിക കേന്ദ്രങ്ങൾ വഴി അറിയിക്കും. ഊഹാപോഹങ്ങളുടെ ഭാഗമാകരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഹമാസ് നേതൃത്വം ഖത്തറിൽനിന്ന് തുർക്കിയിലേക്ക് പോകുന്നതിനെക്കുറിച്ച് ചില ഇസ്രായേലി മാധ്യമങ്ങൾ പ്രചരിപ്പിച്ചത് തങ്ങൾ നിഷേധിക്കുന്നുവെന്ന് തിങ്കളാഴ്ച ഹമാസ് ‘ടെലഗ്രാ’മിൽ നടത്തിയ പ്രസ്താവനയിൽ പറയുകയുണ്ടായി. തുർക്കി വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം നിഷേധിച്ചിരുന്നു. അതേസമയം, ഹമാസിന്റെ നേതൃത്വം എവിടെയാണെന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളെ കുറിച്ച് തർക്കിക്കാൻ തനിക്ക് കഴിയില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് മാത്യു മില്ലർ വാഷിംങ്ടണിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഹമാസ് നേതാക്കളെ ഏറ്റെടുത്താൽ നാറ്റോ സഖ്യകക്ഷിയെന്ന നിലയിൽ തുർക്കിക്ക് എന്തെങ്കിലും പ്രത്യാഘാതങ്ങൾ ഉണ്ടാകുമോ എന്നതിനെക്കുറിച്ച് പറയാനും അദ്ദേഹം വിസമ്മതിച്ചു. ഹമാസിനെ ഒരു ഭീകര സംഘടനയായി തുർക്കി കണക്കാക്കുന്നില്ലെന്നും യു.എസ് വക്താവ് പറഞ്ഞു. തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗൻ ഹമാസിനെ പ്രതിരോധ പ്രസ്ഥാനമായി വിശേഷിപ്പിക്കുകയും ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നീക്കത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.