ഹമാസിന്റെ സൈനിക മേധാവിയെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഹമാസ്
text_fieldsഗസ്സ സിറ്റി: ഹമാസിന്റെ സൈനിക മേധാവി മുഹമ്മദ് ദെയ്ഫിനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം. കഴിഞ്ഞ മാസം ഗസ്സ മുനമ്പിൽ നടന്ന വ്യോമാക്രമണത്തിൽ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചുവെന്നാണ് സൈന്യം പുറത്തുവിട്ടത്. എന്നാൽ, മരണം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.
ജൂലൈ 13 ന് ഖാൻ യൂനുസ് മേഖലയിലെ ഒരു വളപ്പിൽ നടന്ന വ്യോമാക്രമണത്തിലാണ് ദെയ്ഫിനെ ലക്ഷ്യമിട്ടതെന്നും തെക്കൻ ഇസ്രായേലിൽ ഒക്ടോബർ 7 ന് നടന്ന ആക്രമണം ആസൂത്രണം ചെയ്ത വ്യക്തികളിൽ ഒരാളാണ് ദെയ്ഫ് എന്നും ഇസ്രായേൽ ആരോപിച്ചു.
ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ ഹമാസിന്റെ രാഷ്ട്രീയ നേതാവ് ഇസ്മായീൽ ഹനിയയും ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ ഫുആദ് ഷുക്ക്റും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സയണിസ്റ്റ് രാഷ്ട്രത്തിന്റെ പുതിയ അവകാശവാദം. ഇന്റലിജൻസിന്റെ വിലയിരുത്തലിനെത്തുടർന്ന് ജൂലൈ 13ലെ ആക്രമണത്തിൽ മുഹമ്മദ് ദെയ്ഫ് ഇല്ലാതാക്കപ്പെട്ടുവെന്ന് സ്ഥിരീകരിക്കാൻ കഴിയുമെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നത്.
വ്യോമാക്രമണത്തിൽ 90ലധികം പേർ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ വിഭാഗം അധികൃതർ നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാൽ മരിച്ചവരിൽ ദെയ്ഫ് ഉണ്ടെന്ന കാര്യം അവർ നിഷേധിച്ചതാണ്. ഹമാസ് പ്രസ്ഥാനത്തിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീൻ അൽ ഖസ്സാം ബ്രിഗേഡിന്റെ തലവനായിരുന്നു മുഹമ്മദ് ദെയ്ഫ്.
മുഹമ്മദ് ദെയ്ഫിനെയും മുതിർന്ന ഹമാസ് അംഗം റാഫി സലാമയെയും ലക്ഷ്യമിടുന്നുവെന്ന് അവകാശപ്പെട്ടാണ് ജൂലൈ 13 ന് ഖാൻ യൂനുസിലെ അഭയാർഥി സുരക്ഷാ മേഖലയായ അൽ-മവാസിയിൽ ഇസ്രായേൽ സൈന്യം വൻ വ്യോമാക്രമണം നടത്തിയത്. ഒക്ടോബറിൽ വംശഹത്യാ യുദ്ധം ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ ജീവനാശവും പരിക്കും ഏൽപിച്ചുകൊണ്ടുള്ള വിനാശകരമായ ആക്രമണമായിരുന്നു അത്. 90ലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും കുട്ടികളും പാരാമെഡിക്കുകളും ഉൾപ്പെടെ 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് കടുത്ത ആഗോള രോഷത്തിന് വഴിവെച്ചിരുന്നു.
ആക്രമണത്തിനു പിന്നാലെ അധിനിവേശ ഫലസ്തീനുമായി ബന്ധപ്പെട്ട യു.എന്നിന്റെ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്‌ക അൽബനീസ്, ഇസ്രായേൽ നിയുക്ത മാനുഷിക സുരക്ഷാ മേഖലയിൽ ആക്രമണം നടത്തി അന്താരാഷ്ട്ര നിയമം ലംഘിച്ചിരിക്കുകയാണെന്ന് പ്രതികരിച്ചു.വംശഹത്യ യുദ്ധം നടത്തുന്ന ഇസ്രായേലിന്റെ ‘സഹിഷ്ണുത’യിൽ തനിക്ക് വെറുപ്പാണെന്നും അൽബാനീസ് പറയുകയുണ്ടായി.
എന്നാൽ, ഗസ്സയിലെ സൈനിക ഭരണകൂടം എന്ന നിലയിൽ ഹമാസിനെ തകർക്കുന്ന പ്രക്രിയയിലെ സുപ്രധാന നാഴികക്കല്ലാണിതെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ദെയ്ഫിന്റെ കൊലയെ വിശേഷിപ്പിച്ചത്. ‘ഹമാസ് ഭീകരർ ഒന്നുകിൽ കീഴടങ്ങും. അല്ലെങ്കിൽ ഉന്മൂലനം ചെയ്യപ്പെടും. ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയുടെ ആസൂത്രകരും കുറ്റവാളികളുമായ ഹമാസ് ഭീകരരെ ഇസ്രായേലിന്റെ പ്രതിരോധ സന്നാഹം പിന്തുടരും. ഈ ദൗത്യം പൂർത്തിയാകുന്നതുവരെ തങ്ങൾ വിശ്രമിക്കില്ലെ’ന്നും യോവ് എക്‌സിൽ പോസ്റ്റ് ചെയ്തു.
ദെയ്ഫിന്റെ കൊലപാതകത്തിനുശേഷം ഹമാസിന്റെ തകർച്ച മുമ്പെന്നത്തേക്കാളും അടുത്തതായി ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് പറഞ്ഞു. വിജയത്തിനുമുമ്പ് ഒരു നിമിഷം പോലും തങ്ങൾ നിർത്തില്ലെന്നും തീവ്ര വലതുപക്ഷ മന്ത്രി എക്‌സിൽ എഴുതി. ‘അവരെയെല്ലാം നശിപ്പിക്കും’ വരെ ഇസ്രായേൽ സൈന്യം ഗ്രൂപ്പിന്റെ നേതാക്കളെ ലക്ഷ്യം വെക്കുന്നത് തുടരുമെന്നും ബെസാലെൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.