ഇസ്മാഈൽ ഹനിയ്യയുടെ പിൻഗാമിയായി യഹിയ സിൻവാറിനെ പ്രഖ്യാപിച്ച് ഹമാസ്
text_fieldsഗസ്സ: ഇസ്മാഈൽ ഹനിയ്യയുടെ പിൻഗാമിയായി യഹിയ സിൻവാറിനെ പ്രഖ്യാപിച്ച് ഹമാസ് പൊളിറ്റ്ബ്യൂറോ. തെഹ്റാനിൽ വെച്ച് ഹനിയ്യ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹമാസിന്റെ പ്രഖ്യാപനം. രക്തസാക്ഷിയായ കമാൻഡർ ഇസ്മാഈൽ ഹനിയ്യക്ക് പകരം യഹിയ സിൻവാറിനെ രാഷ്ട്രീയകാര്യമേധാവിയായി പ്രഖ്യാപിക്കുകയാണെന്ന് ഹമാസ് അറിയിച്ചു.
61കാരനായ സിൻവാറാണ് ഹമാസിന്റെ ഒക്ടോബർ ഏഴിലെ ആക്രമണത്തിന് പിന്നിലുള്ള ബുദ്ധികേന്ദ്രം. ആക്രമണത്തിൽ 1100 പേർ കൊല്ലപ്പെടുകയും 200ഓളം പേരെ ഹമാസ് തടവിലാക്കുകയും ചെയ്തു. തുടർന്ന് ഇസ്രായേൽ ഗസ്സയിൽ നടത്തിയ നരനായാട്ടിൽ 40,000ത്തിലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമായിരുന്നു. ഗസ്സയിൽ 23 ലക്ഷം വരുന്ന ജനസംഖ്യ കൊടിയ ദുരിതമാണ് ഇപ്പോൾ അനുഭവിക്കുന്നത്.
ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ ഇസ്രായേൽ കൊലപ്പെടുത്തിയത് ഹ്രസ്വദൂര പ്രൊജക്ടൈലുകൾ ഉപയോഗിച്ചെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചിരുന്നു. ഹനിയ്യ താമസിച്ചിരുന്ന വീടിന് പുറത്തുനിന്നാണ് ആക്രമണം നടത്തിയത്. ഏഴ് കിലോഗ്രാം ഭാരമുള്ള ഈ പ്രൊജക്ടൈല്‍ ഹനിയ്യ താമസിച്ച വസതിയിൽ പതിച്ചെന്നും അത് പിന്നീട് ഒരു സ്‌ഫോടനമായി മാറിയെന്നും ഇറാന്‍ സൈന്യം വ്യക്തമാക്കി.
നേരത്തെ ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ രാജ്യത്തെ ഉയർന്ന പദവിയിലുള്ള രഹസ്യാന്വേഷണ ഉദ്യോഗസ്ഥരടക്കം നിരവധി പേരെ ഇറാൻ അറസ്റ്റ് ചെയ്തിരുന്നു. മുതിർന്ന സൈനിക ഉദ്യോഗസ്ഥരും തെഹ്റാനിലെ സൈനിക ഗെസ്റ്റ് ഹൗസിലെ ജീവനക്കാരും അറസ്റ്റിലായവരിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.