'നിരായുധീകരിക്കാനുള്ള ലക്ഷ്യം നടക്കില്ല'; ശാശ്വത യുദ്ധവിരാമമെങ്കിൽ എല്ലാ ബന്ദികളെയും ഒന്നിച്ച് വിട്ടയക്കാമെന്ന് ഹമാസ്
text_fieldsഗസ്സ സിറ്റി: ഗസ്സ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ട ചർച്ചകൾക്കിടെ പുതിയ നിർദേശം മുന്നോട്ട് വെച്ച് ഹമാസ്. വെടിനിർത്തൽ സമയബന്ധിതമാകാതെ ശാശ്വത യുദ്ധവിരാമത്തിനും ഗസ്സയിൽനിന്ന് പൂർണ സൈനിക പിന്മാറ്റത്തിനും ഇസ്രായേൽ തയാറെങ്കിൽ എല്ലാ ബന്ദികളെയും ഒന്നിച്ച് വിട്ടയക്കുമെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം വ്യക്തമാക്കി.
ഗസ്സയിൽ നിന്ന് ഹമാസിനെ നീക്കാനും നിരായുധീകരിക്കാനുമുള്ള ലക്ഷ്യത്തോടെയുള്ള ഒരു ആവശ്യവും സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കരാറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ആറ് ബന്ദികളെ ശനിയാഴ്ച മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന വരുന്നത്. അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ രണ്ടാം ഘട്ട ചർച്ച ഉടൻ ആരംഭിച്ചേക്കും.
അതേസമയം, ഹമാസുമായി രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾക്ക് ഇസ്രായേൽ പ്രതിനിധിയായി, നെതന്യാഹുവിന്റെയും ട്രംപിന്റെയും വിശ്വസ്തനായി പരിഗണിക്കപ്പെടുന്ന മന്ത്രി റോൺ ഡെർമറെ നിയമിച്ചു. അമേരിക്കയിൽ ജനിച്ച് ഇസ്രായേലിൽ കുടിയേറിയ റിപ്പബ്ലിക്കൻ മുൻ നേതാവ് കൂടിയായ ഡെർമർ നിലവിൽ ഇസ്രായേൽ നയകാര്യ മന്ത്രിയാണ്. നേരത്തെ യു.എസിലെ മുൻ ഇസ്രായേൽ അംബാസഡറായിരുന്നു. മാർച്ച് ആദ്യത്തിൽ ഒന്നാംഘട്ട വെടിനിർത്തൽ അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം. മൊസാദും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിൻബെതുമായിരുന്നു ഒന്നാംഘട്ട ചർച്ചകൾ നടത്തിയത്.
ഗസ്സയിൽനിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് അമേരിക്കക്ക് കൈമാറണമെന്ന ട്രംപിന്റെ നിർദേശം ഹമാസും അറബ് രാജ്യങ്ങളും തള്ളിയിരുന്നു. ഒന്നര വർഷത്തോടടുത്ത ഇസ്രായേൽ അധിനിവേശത്തിനിടെ ഗസ്സയിൽ അരലക്ഷത്തിലേറെ പേർ മരണപ്പെടുകയും 70 ശതമാനത്തിലേറെ കെട്ടിടങ്ങൾ തകർക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
460 ദിവസം നീണ്ട യുദ്ധത്തിനൊടുവിൽ ജനുവരി 19നാണ് ഒന്നാംഘട്ട വെടിനിർത്തൽ നിലവിൽ വന്നത്. 25 ബന്ദികളെ ഹമാസും 1135 ഫലസ്തീൻ തടവുകാരെ ഇസ്രായേലും ഇതിനിടെ മോചിപ്പിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.