ട്രംപിന്റെ ഭീഷണി തള്ളി ഹമാസ്; സ്ഥിരമായി വെടിനിർത്തിയാൽ മാത്രം ഇനി ബന്ദി മോചനമെന്ന്
text_fieldsകൈറോ: ബന്ദികളെ ഉടൻ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ നശിപ്പിക്കുമെന്നും ഗസ്സയെ നരകമാക്കുമെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം തള്ളി ഹമാസ്.
ജനുവരിയിലെ വെടിനിർത്തൽ കരാറിൽനിന്ന് പിന്മാറാനാണ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ശ്രമിക്കുന്നതെന്നും എന്നാൽ, സ്ഥിരമായ വെടിനിർത്തൽ കരാറിന്റെ ഭാഗമായല്ലാതെ ബന്ദിമോചനം സാധ്യമാകില്ലെന്നും ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് ഖനൂറ പറഞ്ഞു.
ഹമാസ് വഴങ്ങിയില്ലെങ്കിൽ ഇസ്രായേലിന് ആവശ്യമായ ആയുധങ്ങളുൾപ്പെടെ എല്ലാ സഹായങ്ങളും നൽകുമെന്നും ഗസ്സ വിടാനുള്ള അവസാന അവസരമാണെന്നും ട്രംപ് സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. യു.എസ് പ്രതിനിധികൾ ഹമാസുമായി നേരിട്ട് ചർച്ച നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.
“ഹലോ ഹമാസ്, എല്ലാ ബന്ദികളെയും ഉടൻ വിട്ടയക്കണം. നിങ്ങൾ കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങൾ വിട്ടുനൽകണം. അല്ലെങ്കിൽ നിങ്ങൾ തീർന്നെന്നു കരുതിയാൽ മതി. മാനസിക പ്രശ്നമുള്ളവർ മാത്രമേ മൃതദേഹം സൂക്ഷിച്ചുവെക്കാറുള്ളൂ. നിങ്ങൾ അതാണ് ചെയ്യുന്നത്. ഇസ്രായേലിന് അവരുടെ ജോലി ചെയ്തുതീർക്കാനുള്ളതെല്ലാം ഞാൻ അയക്കുകയാണ്.
ഞാൻ പറഞ്ഞത് അനുസരിക്കാത്ത ഒരു ഹമാസ് നേതാവും സുരക്ഷിതനല്ല. നിങ്ങൾ ജീവിതം നശിപ്പിച്ച പഴയ ബന്ദികളെ ഞാൻ കണ്ടിരുന്നു. നിങ്ങൾക്കുള്ള അവസാന മുന്നറിയിപ്പാണിത്. ഗസ്സ വിടാൻ അവസാന അവസരമാണിത്. ബന്ദികളെ വിട്ടയച്ചാൽ ഗസ്സയിലെ ജനങ്ങൾക്ക് മനോഹരമായ ഒരു ഭാവി വരുന്നുണ്ട്. ബന്ദികളെ ഉടൻ വിട്ടയക്കുക, അല്ലെങ്കിൽ നരകമാകും നിങ്ങളെ കാത്തിരിക്കുന്നത്” -ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
ഇനി 24 ബന്ദികൾ കൂടി ജീവനോടെ ഹമാസിന്റെ കൈവശം ഉണ്ടെന്നാണ് കരുതുന്നത്. 34 ബന്ദികളുടെ മൃതദേഹവും അവർ സൂക്ഷിക്കുന്നതായാണ് റിപ്പോർട്ട്. 25 ബന്ദികളെയും എട്ടു മൃതദേഹങ്ങളുമാണ് 42 ദിവസം നീണ്ട വെടിനിർത്തൽ കരാറിന്റെ ഭാഗമായി ജനുവരി മുതൽ ഹമാസ് വിട്ടുനൽകിയത്. രണ്ടായിരത്തോളം ഫലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.