ബന്ദികളെ മോചിപ്പിക്കുന്നതിന്‍റെ വിഡിയോ പുറത്തുവിട്ട് ഹമാസ്
text_fieldsഗസ്സ: ആറു ദിവസ താൽക്കാലിക വെടിനിർത്തൽ അവസാനിക്കാനിരിക്കെ ബന്ദികളെ മോചിപ്പിക്കുന്നതിന്‍റെ പുതിയ വിഡിയോ പുറത്തുവിട്ട് ഹമാസ്. പ്രത്യേക വാഹനത്തിൽ കനത്ത സുരക്ഷയിൽ എത്തിച്ച ബന്ദികളെ റെഡ്ക്രോസ് അധികൃതർക്ക് കൈമാറുന്നതിന്‍റെ വിഡിയോയാണ് ഹമാസ് പുറത്തുവിട്ടത്. ബന്ദികൾ ഹമാസ് പോരാളികൾക്ക് ചിരിച്ചു കൊണ്ട് കൈ കൊടുത്തും സല്യൂട്ട് ചെയ്തുമാണ് റെഡ്ക്രോസ് വാഹനത്തിൽ കയറിയത്. കൈ വീശി ഹമാസ് പോരാളികൾ പ്രത്യഭിവാദ്യം ചെയ്തു.
10 ഇസ്രായേലി പൗരന്മാരും രണ്ട് തായ്‍ലൻഡ് സ്വദേശികളും അടക്കം 12 പേരെയാണ് ഹമാസ് ഇന്നലെ മോചിപ്പിച്ചത്. 15 സ്ത്രീകളും 15 കുട്ടികളുമടക്കം 30 തടവുകാരെ ഇതിനുപകരമായി ഇസ്രായേലി ജയിലിൽ നിന്ന് വിട്ടയച്ചു. മൊത്തം 60 ഇസ്രായേലി ബന്ദികൾ ഇതുവരെ മോചിതരായി. ഇതിനുപുറമെ 19 തായ്‍ലൻഡുകാരെയും ഒരു ഫിലിപ്പീൻസ് പൗരനെയും ഒരു റഷ്യൻ പൗരനെയും ഹമാസ് മോചിപ്പിച്ചു.
ആകെ വിട്ടയക്കപ്പെട്ട ഫലസ്തീനി തടവുകാരുടെ എണ്ണം 180 ആയി. ഇസ്രായേൽ സേനക്കെതിരെ കല്ലും സ്ഫോടകവസ്തുക്കളും എറിഞ്ഞ കുറ്റത്തിന് അറസ്റ്റിലായവരാണ് ഏറെ പേരും. ഇസ്രായേലി സൈനിക കോടതി വർഷങ്ങളോളം തടവുശിക്ഷക്ക് വിധിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
വെടിനിർത്തൽ നാലുദിവസം കൂടി നീട്ടണമെന്ന് ആവശ്യം ഹമാസ് മുന്നോട്ടുവെച്ചിട്ടുണ്ട്. മധ്യസ്ഥരായ ഖത്തറിന്റെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച ചർച്ച അവസാനഘട്ടത്തിലാണ്. എന്നാൽ, ഞായറാഴ്ചക്കപ്പുറം വെടിനിർത്തൽ നീട്ടിക്കൊണ്ടു പോകാനാകില്ലെന്നാണ് ഇസ്രായേൽ നിലപാട്.
israeli citizensഅതേസമയം, വെടിനിർത്തൽ തുടങ്ങിയതിനു ശേഷം വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സേന നടത്തിയ വ്യാപക പരിശോധനയിൽ 133 പേർ ഇതുവരെ അറസ്റ്റിലായി. ബുധനാഴ്ച ജെനിൻ അഭയാർഥി ക്യാമ്പിൽ രണ്ട് കൗമാരക്കാരെ സൈന്യം വെടിവെച്ചു കൊന്നു. 50ഓളം കവചിത വാഹനങ്ങളിലെത്തി വീടുകളിൽ ഇരച്ചുകയറിയ സൈന്യം കണ്ണീർവാതക, ഗ്രനേഡ് പ്രയോഗം നടത്തിയതായും നിരവധി പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ വാർത്ത ഏജൻസി ‘വഫ’ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.