ഇസ്രായേലി-അമേരിക്കൻ പൗരനുൾപ്പെടെ മൂന്ന് ബന്ദികളെ കൈമാറി ഹമാസ്; 183 ഫലസ്തീൻ തടവുകാർക്കും മോചനം
text_fieldsഗസ്സ സിറ്റി: ഗസ്സ വെടിനിർത്തൽ കരാർ പ്രകാരം വീണ്ടും ബന്ദികളെ വിട്ടയച്ച് ഹമാസ്. മൂന്ന് ബന്ദികളെ ഹമാസും 183 ഫലസ്തീൻ തടവുകാരെ ഇസ്രായേലുമാണ് മോചിപ്പിച്ചത്.
ഒഫർ കൽഡെറോൺ, യാർഡെൻ ബിബസ് എന്നിവരെ ഖാൻ യൂനിസിലും ഇസ്രായേലി-അമേരിക്കൻ പൗരൻ കെയ്ത് സീഗലിനെ ഗസ്സ സിറ്റിയിലെ തുറമുഖത്തുമാണ് റെഡ് ക്രോസിന്റെ സഹായത്തോടെയും കൈമാറിയത്.
വ്യാഴാഴ്ച ബന്ദികളെ കൈമാറുന്നതിനിടെ തടിച്ചുകൂടിയ ജനത്തെ നിയന്ത്രിക്കാൻ ഹമാസിന്റെ സായുധസേന കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ, ശനിയാഴ്ച വളരെ ആസൂത്രണത്തോടെയാണ് ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറിയത്. ഇതോടെ മൊത്തം 18 ബന്ദികളെ ഹമാസ് മോചിപ്പിച്ചു.
മണിക്കൂറുകൾക്കുശേഷം, ഇസ്രായേൽ തടവറയിൽനിന്ന് മോചിപ്പിച്ച ഫലസ്തീൻ പൗരന്മാരെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ ബസിൽ എത്തിക്കുകയായിരുന്നു. ഇവരിൽ 111 പേരെയും ഒക്ടോബർ ഏഴ് ആക്രമണത്തിനുശേഷം ഇസ്രായേൽ പിടികൂടിയതാണ്.
ഇവരെ സ്വീകരിക്കാൻ നൂറുകണക്കിന് പേർ കാത്തുനിന്നിരുന്നു. ജീവപര്യന്തം അടക്കം ശിക്ഷ അനുഭവിക്കുന്ന 583 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ ഇതിനകം മോചിപ്പിച്ചു. തെൽ അവീവിൽ ബന്ദികളുടെ മോചനത്തിന്റെ തൽസമയ ദൃശ്യം സ്ക്രീനിൽ കാണാൻ വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.
വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച വീണ്ടും ചർച്ച നടക്കും. യു.എസിന്റെ പിന്തുണയോടെ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ ഒപ്പിട്ട ആറ് ആഴ്ചത്തെ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം വിജയമാണെന്നാണ് വിലയിരുത്തൽ. വെടിനിർത്തൽ കരാറിനെതിരെ ഇസ്രായേലിൽ നെതന്യാഹു ശക്തമായ വലതുപക്ഷ എതിർപ്പാണ് നേരിടുന്നത്. അതേസമയം, കരാർ വ്യവസ്ഥകൾ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നാണ് ഹമാസ് നിലപാട്.
ഗസ്സ വെടിനിർത്തൽ കരാർ നിലവിൽ വരികയും ബന്ദി മോചനം നിശ്ചയിച്ച പ്രകാരം നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യു.എസ് പ്രസിഡന്റുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. സൗദി അറേബ്യയുമായി ഇസ്രായേലിന്റെ ബന്ധം പുനഃസ്ഥാപിക്കുന്ന കാര്യവും ഇരുവരും ചർച്ച ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.