ഗസ്സ വെടിനിർത്തൽ ചർച്ച പുനരാരംഭിച്ചതായി ഹമാസ്
text_fieldsഇസ്തംബുൾ: ആഴ്ചകൾ നീണ്ട അനിശ്ചിതാവസ്ഥക്ക് ഒടുവിൽ ഗസ്സ വെടിനിർത്തൽ ചർച്ച പുനരാരംഭിച്ചതായി ഹമാസ്. 14 മാസമായി തുടരുന്ന ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ച് വെടിനിർത്തൽ ഉടമ്പടി ഉടൻ നിലവിൽ വരുമെന്നും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ ഉദ്യോഗസ്ഥനായ ബസ്സാം നയീം പറഞ്ഞു.
തുർക്കിയയിൽ അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാശ്വതവെടിനിർത്തൽ, ഇസ്രായേൽ സേനയുടെ പൂർണപിന്മാറ്റം, പലായനം ചെയ്ത ഗസ്സക്കാരെ തിരിച്ചുവരാൻ അനുവദിക്കുക തുടങ്ങിയ ഹമാസ് നേരത്തേ മുന്നോട്ടുവെച്ച സുപ്രധാന ആവശ്യങ്ങളിൽ ഉറച്ചുനിൽക്കും. എന്നാൽ, ഗസ്സയിൽനിന്ന് ഇസ്രായേൽ സേന പിന്മാറേണ്ടതിന്റെ സമയക്രമത്തിൽ വിട്ടുവീഴ്ചക്ക് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ വെടിനിർത്തൽ നിർദേശങ്ങളൊന്നും ഹമാസിന്റെ മുന്നിലില്ല. ഇസ്രായേലിന് ഉദ്ദേശ്യമുണ്ടെങ്കിൽ കരാറുണ്ടാക്കുക വെല്ലുവിളിയല്ല. ആത്യന്തികമായി ഫിലഡെൽഫിയ ഇടനാഴിയിൽനിന്ന് ഇസ്രായേൽ സേന പിന്മാറുകയും ഈജിപ്തുമായുള്ള റഫ അതിർത്തി അടിയന്തരമായി തുറക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെടിനിർത്തൽ യാഥാർഥ്യമായാൽ ഗസ്സ ഭരണം സംബന്ധിച്ച് ഫതഹുമായി ഹമാസ് പരസ്പര ധാരണയിലെത്തിയിട്ടുണ്ട്. ഗസ്സ ഭരണം ഉപേക്ഷിക്കാൻ ഹമാസ് തയാറാണ്. എന്നാൽ, ഇസ്രായേൽ അധിനിവേശത്തിനെതിരായ പ്രതിരോധം അവസാനിപ്പിക്കില്ല. അധിനിവേശം ഏതുവിധേനയും ചെറുക്കാൻ ഫലസ്തീനികൾക്ക് അവകാശമുണ്ടെന്നും നയീം കൂട്ടിച്ചേർത്തു.
യു.എസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുമായും നടത്തിയ ചർച്ചകളെ തുടർന്നാണ് വെടിനിർത്തൽ ചർച്ചകൾക്ക് വീണ്ടും ജീവൻ വെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.