ഇസ്മാഈൽ ഹനിയ്യയുടെ മക്കളെ ഇസ്രായേൽ കൊലപ്പെടുത്തിയത് വെടിനിർത്തൽ ചർച്ചകൾ അട്ടിമറിക്കാനെന്ന് ഹമാസ്
text_fieldsഗസ്സ: ഹമാസ് രാഷ്ട്രീയകാര്യവിഭാഗം മേധാവി ഇസ്മാഈൽ ഹനിയ്യയുടെ മക്കളെയും പേരക്കുട്ടികളെയും ആക്രമണത്തിൽ കൊലപ്പെടുത്തിയ ഇസ്രായേൽ നീക്കം വെടിനിർത്തൽ ചർച്ചകൾ അട്ടിമറിക്കാനാണെന്ന് ഹമാസ് കുറ്റപ്പെടുത്തി. ഇന്നലെയാണ് ഗസ്സയിലെ അഭയാർഥി ക്യാമ്പ് മേഖലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്മാഈൽ ഹനിയ്യയുടെ മൂന്ന് മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടത്. ഈദ് ദിനത്തിൽ കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ ഒരു പേരക്കുട്ടി കൂടി മരിച്ചതായി ഹമാസ് അറിയിച്ചു.
ഇസ്മാഈൽ ഹനിയ്യയുടെ മക്കളായ ഹസിം ഹനിയ്യ, ആമിർ ഹനിയ്യ, മുഹമ്മദ് ഹനിയ്യ എന്നിവരും പേരക്കുട്ടികളായ അമൽ, മോന, ഖാലിദ്, റസാൻ എന്നിവരുമാണ് കൊല്ലപ്പെട്ടത്. ഗസ്സ സിറ്റിക്ക് വടക്ക്-പടിഞ്ഞാറുള്ള ശാതി അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം വ്യോമാക്രമണം നടത്തുകയായിരുന്നു.
അതേസമയം, വെടിനിർത്തൽ ചർച്ചകളിൽ ഹമാസ് മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്മാഈൽ ഹനിയ്യ വ്യക്തമാക്കി. നടന്നുകൊണ്ടിരിക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ ഹമാസിന്‍റെ നിർദേശം സമർപ്പിക്കുന്നതിന് മുമ്പ് തന്‍റെ മക്കളെ ലക്ഷ്യമിട്ടത് വഴി ഹമാസിന്‍റെ നിലപാടുകളിൽ മാറ്റമുണ്ടാക്കാമെന്നാണ് ഇസ്രായേൽ കരുതുന്നതെങ്കിൽ അവർക്ക് തെറ്റി. ആ ധാരണ വ്യാമോഹമാണ്. ഫലസ്തീൻ ജനതയുടെ മക്കളുടെ രക്തത്തേക്കാൾ വിലയുള്ളതല്ല എന്‍റെ മക്കളുടെ രക്തം... ഫലസ്തീനിലെ എല്ലാ രക്തസാക്ഷികളും എന്‍റെ മക്കളാണ് -ഇസ്മാഈൽ ഹനിയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.