പിഞ്ചുകുഞ്ഞടക്കം 3 ബന്ദികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു -ഹമാസ്
text_fieldsഗസ്സ: തങ്ങൾ തടവിലാക്കിയ പിഞ്ചുകുഞ്ഞ് അടക്കമുള്ള മൂന്നംഗ ഇസ്രായേൽ കുടുംബം ഗസ്സയിൽ ഇസ്രായേൽ നേരത്തെ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ്. ബന്ദികളുടെ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് ടെലിഗ്രാം പോസ്റ്റിൽ അറിയിച്ചു.
10 മാസം പ്രായമുള്ള കഫീർ ബിബാസ്, നാല് വയസ്സുള്ള സഹോദരൻ ഏരിയൽ, ഇവരുടെ മാതാവ് എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതാവും ഹമാസിന്റെ പിടിയിലാണെങ്കിലും അവരെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. ഹമാസിന്റെ അറിയിപ്പ് പരിശോധിച്ചുവരികയാണെന്ന് അറിയിച്ച ഇസ്രായേൽ സൈന്യം, ഗസ്സയിലെ എല്ലാ ബന്ദികളുടേയും സുരക്ഷാഉത്തരവാദിത്തം ഹമാസാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ, ഹമാസും ഇസ്രായേലും തടവുകാരെ കൈമാറുന്നത് ഇന്നും തുടർന്നു. ഇതുവരെ ഹമാസ് 81 ബന്ദികളെയും ഇസ്രായേൽ 180 തടവുകാരെയും മോചിപ്പിച്ചു.
വെടിനിർത്തലിന്‍റെ ആറാം ദിനമായ ഇന്ന് ഇസ്രായേൽ ജയിലുകളിൽ തടവിലാക്കപ്പെട്ട പ്രായപൂർത്തിയാകാത്ത 15 കുട്ടികളും 15 വനിതകളും അടക്കം 30 ഫലസ്തീനികളെ വിട്ടയച്ചു. 10 ഇസ്രായേൽ പൗരന്മാരും രണ്ട് തായ് പൗരന്മാരെയും അടക്കം 12 ബന്ദികളെയാണ് ഹമാസ് വിട്ടയച്ചത്.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ 10 ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി 30 ഫലസ്തീൻ തടവുകാരെ വിട്ടയക്കാനാണ് ധാരണയെന്ന് ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രായേൽ വിട്ടയച്ചവരിൽ ഫലസ്തീൻ സാമൂഹ്യ പ്രവർത്തകൻ അഹദ് തമീമിയും 14കാരനായ അഹമ്മദ് സലാമും ഉൾപ്പെടും. ഹെബ്റോൺ, റാമല്ല, ജറുസലം അടക്കം അധിനിവേശ വെസ്റ്റ് ബാങ്കിലെ വിവിധ പട്ടണങ്ങളിൽ നിന്നുള്ളവരെയാണ് ഇസ്രായേൽ വിട്ടയച്ചത്. ഹമാസ് റഫ അതിർത്തി വഴിയാണ് 12 ബന്ദികളെ റെഡ് ക്രോസിന് കൈമാറിയത്.
ചൊവ്വാഴ്ച രാവിലെ അവസാനിക്കാനിരുന്ന നാലു ദിവസ വെടിനിർത്തൽ, മധ്യസ്ഥ ചർച്ചകളെ തുടർന്ന് രണ്ടു ദിവസത്തേക്കുകൂടി ദീർഘിപ്പിക്കുകയായിരുന്നു. ഗസ്സയിൽ വെടിനിർത്തൽ നീട്ടാനും കൂടുതൽ ബന്ദികളെയും തടവുകാരെയും കൈമാറുന്നതും സംബന്ധിച്ച് ഹമാസും ഇസ്രായേലും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി വനിതകളെയും അമ്മമാരെയും കുട്ടികളെയുമാണ് ഇതുവരെ മോചിപ്പിച്ചത്. ഇസ്രായേലി വനിതാ സൈനികരെയും സൈനികസേവനം ചെയ്യുന്ന സിവിലിയന്മാരെയും അടുത്തഘട്ടത്തിൽ മോചിപ്പിക്കുന്നതിനെ കുറിച്ചാണ് ചർച്ച നടക്കുന്നതെന്നാണ് ‘റോയിട്ടേഴ്സ്’ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.