ഇസ്രായേൽ സൈന്യം എത്തിയാൽ ബന്ദികൾ ശവപ്പെട്ടിയിലാകും മടങ്ങുക -ഹമാസ്
text_fieldsഗസ്സ സിറ്റി: തങ്ങളുടെ തടങ്കൽ സ്ഥലങ്ങളിൽ ഇസ്രായേൽ സൈന്യം എത്തിയാൽ ബന്ദികളെ എന്തുചെയ്യണം എന്നത് സംബന്ധിച്ച് പുതിയ നിർദേശം നൽകിയിട്ടുണ്ടെന്ന് ഹമാസ്. സൈനിക സമ്മർദ്ദത്തിൽ തടവുകാരെ വിട്ടയക്കണമെന്ന നെതന്യാഹുവിന്‍റെ നിർബന്ധം കാരണം ശവപ്പെട്ടികളിലായിരിക്കും ബന്ദികൾ മടങ്ങുകയെന്നും ഹമാസിന്‍റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബു ഉബൈദ പറഞ്ഞതായി സിൻഹുവ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
നേരിട്ടുള്ള വ്യോമാക്രമണത്തിലൂടെ ഡസൻ കണക്കിന് ആളുകളെ ഇസ്രായേൽ ബോധപൂർവം കൊലപ്പെടുത്തി. ഇതിനു പുറമേ, സങ്കുചിത താൽപ്പര്യങ്ങൾക്കായി തടവുകാരുടെ കൈമാറ്റ ഇടപാട് മനഃപൂർവം തടസ്സപ്പെടുത്തി. അതിനാൽ ബന്ദികളുടെ മരണത്തിന്‍റെ പൂർണ ഉത്തരവാദിത്തം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും ഇസ്രായേൽ സൈന്യത്തിനുമാണ്. ഒരു കരാർ അവസാനിപ്പിക്കുന്നതിനുപകരം സൈനിക സമ്മർദ്ദത്തിൽ തടവുകാരെ വിട്ടയക്കണമെന്ന നെതന്യാഹുവിന്‍റെ നിർബന്ധം കാരണം ശവപ്പെട്ടികളിലായിരിക്കും ബന്ദികൾ അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങുക -ഹമാസ് വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഹമാസ് ബന്ദികളാക്കിയ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇതോടെ ഹമാസുമായി വെടിനിർത്തൽ കരാറിലെത്താത്തതിൽ നെതന്യാഹുവിനെതിരെ ഇസ്രായേലിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഇസ്രായേലിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഹിസ്ട്രഡിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക പൊതുപണിമുടക്ക് ആരംഭിച്ചിരുന്നു. ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാനുള്ള കരാർ സർക്കാർ അംഗീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കൊല്ലപ്പെട്ട ബന്ദികളുടെ കുടുംബാംഗങ്ങളോട് നെതന്യാഹു മാപ്പ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.