പുതിയ ഉപാധികളില്ലാതെ വെടിനിർത്തൽ കരാറിന് തയാറാണെന്ന് ഹമാസ്
text_fieldsകെയ്റോ: പുതിയ ഉപാധികളില്ലാതെ ഇസ്രായേലുമായുള്ള യുദ്ധം തീർക്കാൻ വെടിനിർത്തൽ കരാറിന് തയാറാണെന്ന് ഹമാസ്. യു.എസ് മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ ഉപാധികളില്ലാതെ അംഗീകരിക്കുമെന്നും ഹമാസ് അറിയിച്ചു. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ഹമാസിന് വേണ്ടി വെടിനിർത്തൽ ചർച്ചകൾ നടത്തുന്ന മുതിർന്ന ഉദ്യോഗസ്ഥനായ ഖലീൽ അൽ-ഹയ്യ, ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൽ അബ്ദുൽറഹ്മാൻ അൽ താനി, ഈജിപ്ത് ഇന്റലിജൻസ് മേധാവി അബ്ബാസ് ഖമേൽ എന്നിവർ ഇതുസംബന്ധിച്ച് ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്.
വെടിനിർത്തൽ കരാറുണ്ടാക്കാൻ നിരവധി ചർച്ചകൾ നടന്നുവെങ്കിലും 11 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇതിനൊന്നും സാധിച്ചിട്ടില്ല. സി.ഐ.എ ഡയറക്ടർ വില്യം ബേൺസും ചർച്ചകളിൽ പങ്കാളിയാണ്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വിശദമായ ചർച്ചകൾ നടത്തുമെന്നാണ് റിപ്പോർട്ട്.
നേരത്തെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ജൂണിൽ വെടിനിർത്തൽ കരാർ മുന്നോട്ട് വെച്ചിരുന്നു. മൂന്ന് ഘട്ടമായുള്ള വെടിനിർത്തൽ കരാറാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. മുഴുവൻ ബന്ദികളേയും വിട്ടയക്കുക, ഘട്ടം ഘട്ടമായി വെടിനിർത്തൽ ഏർപ്പെടുത്തുക എന്നിവയാണ് കരാറിന്റെ പ്രധാന ഭാഗം.
അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ ആറ് ജീവനക്കാർ കൊല്ലപ്പെട്ടുവെന്ന് യു.എൻ അറിയിച്ചു. സെൻട്രൽ ഗസ്സയിൽ യു.എൻ നടത്തുന്ന സ്കൂളുകളിലൊന്നിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിൽ സംഘർഷം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഒരു ആക്രമണത്തിൽ ഇത്രയും പേർ മരിക്കുന്നതെന്ന് യു.എൻ അറിയിച്ചു.
ഇസ്രായേൽ നുസ്രേത്ത് അഭയാർഥി ക്യാമ്പിലെ അൽ-ജൗനി സ്കൂളിന് നേരെ നടത്തിയ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടുവെന്ന് ആശുപത്രി അധികൃതരും ഹമാസ് സിവിൽ ഡിഫൻസ് ഏജൻസിയും അറിയിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ഫലസ്തീനികൾ അഭയാർഥികളായി കഴിയുന്ന ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.