ഗസ്സ: കരാറിൽ നിന്ന് പിന്മാറിയത് സയണിസ്റ്റുകൾ, ചർച്ച നടത്താൻ ഞങ്ങൾ സന്നദ്ധർ -ഹമാസ്
text_fieldsഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്ന മധ്യ ഗസ്സയിലെ അഭയാർഥി ക്യാമ്പിനരികിലെ ആംബുലൻസുകൾ
ഗസ്സ: ഗസ്സയിൽ വെടിനിർത്തൽ, ഇസ്രായേൽ അന്യായമായി തടവിലിട്ട ഫലസ്തീനികളുടെ മോചനം അടക്കമുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ തങ്ങൾ ചർച്ചകൾക്ക് തയ്യാറാണെന്ന് ഫലസ്തീൻ വിമോചന സംഘടനയായ ഹമാസ്. ഹമാസിന്റെ മുതിർന്ന നേതാവ് ഡോ. ഖലീൽ അൽ-ഹയ്യ ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും ചർച്ചകൾ നടത്താനും സന്നദ്ധമാണെന്ന് ഉറപ്പ് നൽകുന്നു’ -അദ്ദേഹം വ്യക്തമാക്കി. ജനുവരിയിൽ ഹമാസുമായി ഒപ്പുവച്ച വെടിനിർത്തൽ കരാറിൽനിന്ന് ഇസ്രായേലാണ് പിൻമാറിയതെന്ന് ഖലീൽ അൽ ഹയ്യ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ച തുടരാൻ തങ്ങൾ ഒരുക്കമാണെന്ന് വ്യക്തമാക്കിയത്.
ഇന്നലെ ഗസ്സയിലെ ബൈത്ത് ലാഹിയയിൽ നടന്ന യുദ്ധവിരുദ്ധ പ്രകടനത്തിൽ ചിലർ ഹമാസിനെതിരെ മുദ്രാവാക്യം മുഴക്കിയിരുന്നു. നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധത്തിലാണ് ചിലർ ‘ഹമാസ് പുറത്ത് പോവുക’ എന്ന മുദ്രാവാക്യം മുഴക്കിയത്. ഇതിനുപിന്നാലെ ഇവിടത്തെ കുടുംബങ്ങളിലെ മുതിർന്നവർ ഇസ്രായേലിനെതിരായ സായുധപോരാട്ടത്തെ പിന്തുണച്ച് രംഗത്തെത്തുകയും കരിങ്കാലിപ്പണിയെടുക്കുന്നവരെ തള്ളിക്കളയുന്നതായി പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.
‘ഗസ്സയിലെ നമ്മുടെ ജനങ്ങൾക്കെതിരായ ആക്രമണം പൂർണ്ണമായും അവസാനിപ്പിക്കുക, ഗസ്സയിൽനിന്ന് അധിനിവേശ സേന പൂർണ്ണമായി പിൻവാങ്ങുക, തടവുകാരെ കൈമാറുക, പുനർനിർമ്മാണം നടത്തുക, ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കഴിഞ്ഞ കാലയളവിൽ ഞങ്ങൾ ക്രിയാത്മകമായും ഉത്തരവാദിത്തത്തോടെയുമാണ് ഇടപെട്ടത്. എന്നാൽ, ഞങ്ങളുമായും മധ്യസ്ഥരുമായും ഒപ്പുവച്ച സയണിസ്റ്റ് അധിനിവേശ ശക്തികൾ കരാറിൽ നിന്ന് പിന്മാറി. രണ്ടാം ഘട്ടത്തിലേക്ക് നീങ്ങാൻ വിസമ്മതിക്കുകയും, വീണ്ടും നമ്മുടെ ജനങ്ങൾക്കെതിരായ ആക്രമണം പുനരാരംഭിക്കുകയും ചെയ്തു’ -ഡോ. ഖലീൽ അൽ-ഹയ്യ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.