വെടിനിർത്തൽ നടപ്പാക്കിയാൽ മാത്രം ബന്ദിയെ വിട്ടയക്കും–ഹമാസ്
text_fieldsകൈറോ: ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി ഒരു അമേരിക്കൻ- ഇസ്രായേലിയെയും നാല് മൃതദേഹങ്ങളും വിട്ടയക്കുക ഗസ്സ മുനമ്പിൽ താൽക്കാലിക വെടിനിർത്തൽ നടപ്പാക്കിയാൽ മാത്രമെന്ന് ഹമാസ്. വെടിനിർത്തൽ വീണ്ടും പ്രയോഗത്തിൽ വരുത്താൻ ലക്ഷ്യമിട്ടുള്ള അപൂർവ നടപടിയാണിതെന്നും വിട്ടയക്കുന്ന ദിവസം രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ തുടങ്ങിയിരിക്കണമെന്നും മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സമ്പൂർണ യുദ്ധവിരാമത്തിന്റെ മുന്നോടിയായതിനാൽ 50 ദിവസത്തിൽ കൂടുതൽ രണ്ടാം ഘട്ട വെടിനിർത്തൽ നീണ്ടുനിൽക്കരുത്. സഹായ ട്രക്കുകൾക്കുമേൽ ഏർപ്പെടുത്തിയ വിലക്ക് എടുത്തുകളയണം. ഈജിപ്ത് അതിർത്തിയിലെ തന്ത്രപ്രധാന ഇടനാഴിയിൽനിന്ന് സൈനികരെ പിൻവലിക്കണം. ബന്ദികൾക്ക് പകരം കൂടുതൽ ഫലസ്തീനികളെ വിട്ടയക്കാൻ ആവശ്യപ്പെടുമെന്നും പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ അറിയിച്ചു. നിലവിൽ ഇന്ധന കടത്തിന് വിലക്കേർപ്പെടുത്തിയത് ജല ശുദ്ധീകരണം തടസ്സപ്പെടുത്തുമെന്നും കുടിവെള്ള ലഭ്യത ഇല്ലാതാകുമെന്നും ഫലസ്തീൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ കൈറോയിൽ തുടരുകയാണ്. ഹമാസ് നേതാവ് ഖലീൽ അൽഹയ്യ വെള്ളിയാഴ്ച കൈറോയിലെത്തിയിട്ടുണ്ട്. ജനുവരിയിൽ കരാറിലെത്തിയ വെടിനിർത്തൽ പ്രകാരം രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ ആഴ്ചകൾക്ക് മുന്നേ ആരംഭിക്കേണ്ടതാണ്. എന്നാൽ, ഇപ്പോഴും പ്രാഥമികതല സംഭാഷണങ്ങൾ മാത്രമാണ് പുരോഗമിക്കുന്നത്. രണ്ടാം ഘട്ട വെടിനിർത്തൽ ഘട്ടത്തിൽ എല്ലാ ബന്ദികളെയും ഹമാസ് വിട്ടയക്കണം. അതേസമയം, പകുതി ബന്ദികളെ വിട്ടയക്കാൻ വ്യവസ്ഥ ചെയ്യുന്ന, അവ്യക്തതകളേറെയുള്ള ഒരു താൽക്കാലിക കരാർ ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ചിരുന്നുവെങ്കിലും ഹമാസ് സ്വീകരിച്ചിരുന്നില്ല.
ഒന്നാം ഘട്ട വെടിനിർത്തലിന്റെ ഭാഗമായി 25 ഇസ്രായേൽ ബന്ദികളെയും എട്ട് മൃതദേഹങ്ങളും വിട്ടുനൽകിയപ്പോൾ പകരം 2,000 ഫലസ്തീൻ തടവുകാരെയും വിട്ടയച്ചിരുന്നു. 59 ബന്ദികൾകൂടി ഹമാസ് വശമുണ്ട്. ഇവരിൽ 24 പേർ ജീവനോടെയിരിക്കുന്നുവെന്നാണ് കണക്കുകൂട്ടൽ. അതിനിടെ, ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ എട്ടുപേർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ ബയ്ത് ലാഹിയയിലെ രണ്ടിടങ്ങളിലായാണ് ആക്രമണം. എട്ടു മൃതദേഹങ്ങൾ ഇതുവരെ എത്തിയതായി പ്രദേശത്തെ ഇന്തോനേഷ്യൻ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.