ഗസ്സ വെടിനിർത്തൽ: യു.എസ് നിർദേശത്തിന് ഹമാസ് മറുപടി നൽകി; സ്വാഗതം ചെയ്ത് ജോൺ കിർബി
text_fieldsഗസ്സ: ജോ ബൈഡൻ പ്രഖ്യാപിച്ച മൂന്ന് ഘട്ട വെടിനിർത്തൽ പദ്ധതിയെ സ്വാഗതം ചെയ്ത ഫലസ്തീൻ വിമോചന പ്രസ്ഥാനമായ ഹമാസ്, ഇതേക്കുറിച്ച് തങ്ങളുടെ പ്രതികരണം മധ്യസ്ഥർക്ക് കൈമാറി. ഹമാസ് നീക്കം സമാധാന ശ്രമങ്ങൾക്ക് സഹായകരമാണെന്നും അവരുടെ നിർദേശങ്ങൾ യു.എസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നുണ്ടെന്നും അമേരിക്കൻ ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു.
ഗസ്സയിൽ എട്ടു മാസത്തിലേറെയായി ഇസ്രായേൽ തുടരുന്ന വംശഹത്യക്കിടെ ആദ്യമായി യു.എസ് അവതരിപ്പിചച വെടിനിർത്തൽ പ്രമേയം തിങ്കളാഴ്ച യു.എൻ രക്ഷാസമിതി അംഗീകരിച്ചിരുന്നു. ബൈഡൻ പ്രഖ്യാപിച്ച മൂന്ന് ഘട്ട വെടിനിർത്തൽ പദ്ധതിയാണ് പ്രമേയം മുന്നോട്ടുവെക്കുന്നത്. ആറാഴ്ചത്തെ ആദ്യഘട്ട വെടിനിർത്തൽ ഗസ്സയിലെ ഏതാനും ഇസ്രായേലി ബന്ദികളെയും ഇസ്രായേലി ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെയും വിട്ടയക്കും. രണ്ടാംഘട്ടത്തിൽ സ്ഥിരമായ വെടിനിർത്തലും ബാക്കി തടവുകാരെ മോചിപ്പിക്കുന്നതും ഉൾപ്പെടും. ബന്ദികളുടെ മൃതദേഹങ്ങളുടെ കൈമാറ്റവും നടക്കും. മൂന്നാം ഘട്ടത്തിൽ തകർന്ന ഗസ്സ മുനമ്പിന്റെ പുനർനിർമാണത്തിന് നടപടികൾ ആരംഭിക്കും. ഇസ്രായേൽ ഈ നിർദേശം അംഗീകരിച്ചതായി യു.എസ് അറിയിച്ചിരുന്നു.
സ്ഥിരമായ വെടിനിർത്തലിന് ഇസ്രായേൽ തയാറാകണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാൽ ബൈഡൻ മുന്നോട്ടുവെച്ച കരാർ നടപ്പാക്കാൻ തയാറാണെന്ന് ഹമാസും ഫലസ്തീൻ ഇസ്‍ലാമിക് ജിഹാദും അറിയിച്ചു. ഹമാസിന്റെ മറുപടി ലഭിച്ചതായി ഇരുരാജ്യങ്ങൾക്കിടയിൽ മധ്യസ്ഥത വഹിച്ച ഖത്തറും ഈജിപ്തും സ്ഥിരീകരിച്ചു.
ഗസ്സയിലെ യുദ്ധം പൂർണ്ണമായി നിർത്തണമെന്നും ഫലസ്തീൻ ജനതയുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന മറുപടിയാണ് തങ്ങൾ നൽകിയതെന്നും ഗസ്സയിൽ നടത്തുന്ന ആക്രമണം പൂർണ്ണമായും നിർത്തണമെന്നും ഇന്നലെ വൈകീട്ട് ഹമാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിന് ക്രിയാത്മകമായി ഇടപെടാൻ തങ്ങൾ തയ്യാറാണെന്നും ഇവർ അറിയിച്ചു.
ഗസ്സ വെടിനിർത്തൽ പദ്ധതിയോടുള്ള പ്രതിബദ്ധത ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവർത്തിച്ചിട്ടുണ്ടെന്നും ഹമാസിന്റെ പ്രതികരണത്തിനായി ലോകം കാത്തിരിക്കുകയാണെന്നും ചൊവ്വാഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.