പുതിയ വെടിനിർത്തൽ നിർദേശം സമർപ്പിച്ച് ഹമാസ്
text_fieldsഗസ്സ: ഗസ്സയിൽ വെടിനിർത്തലും ബന്ദിമോചനവുമായി ബന്ധപ്പെട്ട് ഹമാസ് പുതിയ നിർദേശം സമർപ്പിച്ചു. ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 700 മുതൽ 1,000 ഫലസ്തീനികളെ മോചിപ്പിക്കുന്നതിന് പകരമായി ഹമാസ് ബന്ദിയാക്കിയ ഇസ്രായേലികളിൽ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും രോഗികളെയും ആദ്യഘട്ടത്തിൽ മോചിപ്പിക്കുക, ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റത്തിന് തീയതി നിശ്ചയിക്കുക, രണ്ടാം ഘട്ടത്തിൽ ഇരുപക്ഷവും എല്ലാ തടവുകാരെയും വിട്ടയക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഹമാസ് മുന്നോട്ടുവെച്ചത്.
മധ്യസ്ഥരായ ഈജിപ്ത്, ഖത്തർ എന്നിവ മുഖേന കൈമാറിയ നിർദേശം ചർച്ചചെയ്യാൻ ഇസ്രായേൽ യുദ്ധകാല മന്ത്രിസഭ പ്രത്യേക യോഗം ചേരും. യാഥാർഥ്യത്തിന് നിരക്കാത്ത നിർദേശങ്ങൾ എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ആദ്യ പ്രതികരണം. ഇസ്രായേൽ സൈന്യത്തിന്റെ കർശന നിയന്ത്രണത്തിനിടയിലും റമദാനിലെ ആദ്യ വെള്ളിയാഴ്ച ജറൂസലമിലെ മസ്ജിദുൽ അഖ്സയിൽ 80,000 വിശ്വാസികൾ ജുമുഅ നമസ്കാരം നിർവഹിച്ചു. 55 വയസ്സിന് മുകളിലുള്ള പുരുഷന്മാരെയും 50 വയസ്സിന് മുകളിലുള്ള സ്ത്രീകളെയും മാത്രമാണ് മസ്ജിദ് അങ്കണത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ 95 ശതമാനം ഫലസ്തീനികൾക്കും വിശ്വാസപരമായി പ്രാധാന്യമുള്ള മസ്ജിദുൽ അഖ്സയിൽ പ്രാർഥിക്കാൻ കഴിയുന്നില്ല. അതിനിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ 149 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതുവരെ കൊല്ലപ്പെട്ടവർ 31,490 ആയി. 73,439 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഭക്ഷണം കാത്തുനിന്ന 20 പേരെ വധിച്ചു
ഗസ്സ: വടക്കൻ ഗസ്സയിൽ യു.എൻ കേന്ദ്രത്തിന് സമീപം ഭക്ഷണ വിതരണത്തിന് കാത്തുനിൽക്കുന്നവർക്കുനേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 20 ആയി. ഫലസ്തീൻ ആരോഗ്യ മന്ത്രാലയം നൽകിയ കണക്കുപ്രകാരം 155 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം, ഭക്ഷണം കാത്തുനിൽക്കുന്നവർക്ക് നേരെ സൈന്യം വെടിയുതിർത്തിട്ടില്ലെന്നും കുവൈത്ത് റൗണ്ടബൗട്ടിന് സമീപം തോക്കുധാരി സൈനികർക്കുനേരെ വെടിയുതിർത്തപ്പോൾ ഉണ്ടായ പ്രതികരണത്തിലാണ് ഏതാനും പേർ കൊല്ലപ്പെട്ടതെന്നും ഇസ്രായേൽ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.