വെടിനിർത്തൽ നിർദേശം പഠിച്ചുവരുകയാണെന്ന് ഹമാസ്
text_fieldsഗസ്സ സിറ്റി: പാരിസ് ചർച്ചകളിൽ രൂപംനൽകിയ വെടിനിർത്തൽ നിർദേശം പഠിച്ചുവരുകയാണെന്നും ചർച്ചകൾക്കായി കൈറോയിലെത്തുമെന്നും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ. ചൊവ്വാഴ്ചയാണ് വെടിനിർത്തൽ നിർദേശം ലഭിച്ചത്. ഇസ്രായേൽ സൈനികനീക്കം അവസാനിപ്പിക്കലും ഗസ്സയിൽനിന്ന് അവരുടെ ശാശ്വതമായ പിന്മാറ്റവുമാണ് ഹമാസിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. പാരിസിൽ നടന്ന ചർച്ചകളിലാണ് വെടിനിർത്തൽ നിർദേശങ്ങൾക്ക് രൂപം നൽകിയത്.
കാൽലക്ഷം പിന്നിട്ട കുരുതിയിലും ശാശ്വത വെടിനിർത്തൽ ആവശ്യമില്ലെന്ന നിലപാടാണ് ഇസ്രായേലിനൊപ്പം യു.എസ് ഉൾപ്പെടെ രാജ്യങ്ങൾക്ക്. അതിനാൽ, 45 ദിവസത്തേക്ക് വെടിനിർത്തലാണ് പ്രധാന നിർദേശം. 35 ബന്ദികളെ ഒന്നാം ഘട്ടത്തിൽ വിട്ടയക്കുമ്പോൾ പകരം 4000ത്തോളം ഫലസ്തീനികളെയും വിട്ടയക്കാമെന്ന് ഇസ്രായേൽ സമ്മതിക്കുന്നു.
എന്നാൽ, വെടിനിർത്തൽ അവസാനിക്കുന്നതോടെ ഹമാസിനെതിരെ സൈനികനീക്കം തുടരുമെന്ന് ഇസ്രായേൽ ആണയിടുമ്പോൾ അത് അംഗീകരിക്കില്ലെന്നാണ് ഹമാസ് നിലപാട്. വിഷയത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കാനായതായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.