'ഇസ്രായേൽ സൈന്യം ആശുപത്രിയിൽ ബോംബിട്ട് തീവ്രവാദികളെ കൊന്നു'; പോസ്റ്റുമായി നെതന്യാഹുവിന്‍റെ ഡിജിറ്റൽ ടീം അഗം, വിവാദമായതോടെ ഡിലീറ്റ് ചെയ്തു
text_fieldsതെൽ അവിവ്: ഗസ്സയിലെ ആശുപത്രിയിൽ ബോംബിട്ട് കുഞ്ഞുങ്ങളും രോഗികളുമുൾപ്പടെ 500ലേറെ പേരെ നിഷ്കരുണം കൊലപ്പെടുത്തിയ സംഭവം തങ്ങൾ ചെയ്തതല്ലെന്ന് വരുത്തിത്തീർക്കാൻ ഇസ്രായേൽ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെ തിരിച്ചടിയായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ ഡിജിറ്റൽ ടീമംഗത്തിന്‍റെ പോസ്റ്റ്. ഡിജിറ്റൽ ടീമംഗമായ ഹനാന്യ നഫ്താലിയാണ് ഇസ്രായേൽ സൈന്യം ആശുപത്രിയിൽ ബോംബിട്ട വിവരം ട്വീറ്റ് ചെയ്തത്. നിരവധി തീവ്രവാദികളെ കൊലപ്പെടുത്തിയെന്നും പറഞ്ഞിരുന്നു. എന്നാൽ, നിമിഷങ്ങൾക്കകം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും, ഇസ്രായേലല്ല ഹമാസാണ് ബോംബിട്ടതെന്ന് അവകാശപ്പെടുകയുമായിരുന്നു. ആശുപത്രി ആക്രമണത്തെ ലോകമൊന്നാകെ അപലപിക്കുമ്പോൾ സ്വന്തം ഡിജിറ്റൽ ടീമംഗം യാഥാർഥ്യം വെളിപ്പെടുത്തിയത് ഇസ്രായേലിന് തിരിച്ചടിയായി.
'ഗസ്സയിലെ ആശുപത്രിയിലെ ഭീകരകേന്ദ്രം ഇസ്രായേൽ വ്യോമസേന ബോംബിട്ട് തകർത്തിരിക്കുന്നു. നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടു' എന്നായിരുന്നു നഫ്താലിയുടെ ട്വീറ്റ്. ഹമാസ് ആശുപത്രികളിൽ നിന്നും പള്ളികളിൽ നിന്നും സ്കൂളുകളിൽ നിന്നും റോക്കറ്റാക്രമണം നടത്തുന്നുവെന്നും ട്വീറ്റിൽ ആരോപിച്ചിരുന്നു. എന്നാൽ, ഇതിന് പിന്നാലെയാണ് ആശുപത്രി ആക്രമണം നടത്തിയത് തങ്ങളല്ല, ഹമാസിന്‍റെ റോക്കറ്റ് അബദ്ധത്തിൽ പതിച്ചതാണെന്ന ദുർബല അവകാശവാദവുമായി ഇസ്രായേൽ രംഗത്തെത്തിയത്. ഇതോടെ നഫ്താലിക്ക് തന്‍റെ ട്വീറ്റ് ഡിലീറ്റ് ചെയ്യേണ്ടിവന്നു. ഇസ്രായേലല്ല ആശുപത്രിയിൽ ബോംബിട്ടതെന്നും തനിക്ക് അബദ്ധം പറ്റിയതാണെന്നും അടുത്ത പോസ്റ്റിൽ നഫ്താലി പറഞ്ഞു.
ഫലസ്തീൻ വിദ്വേഷം നിറച്ചുകൊണ്ട് ഇസ്രായേലിന് വേണ്ടി ഡിജിറ്റൽ പ്രചാരണത്തിന് നേതൃത്വം നൽകുന്നയാളാണ് ഹനന്യ നഫ്താലി. നേരത്തെ, 'ഇസ്രായേൽ സൈന്യത്തിന് വേണ്ടി ഹമാസിനെതിരെ പോരാടാൻ പോകുന്ന മാധ്യമപ്രവർത്തകൻ കുടുംബത്തോട് വിടപറയുന്ന രംഗം' എന്ന തലക്കെട്ടിൽ തന്‍റെ തന്നെ വിഡിയോ ഹനന്യ നഫ്താലി പോസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ നഫ്താലിക്ക് മൂന്നരലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.