Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫലസ്തീനിൽ ഗ്വാണ്ടനാമോ...

ഫലസ്തീനിൽ ഗ്വാണ്ടനാമോ ആവർത്തിക്കുന്നു; ക്രൂരമായ തടവറ അനുഭവങ്ങളുടെ സമാനതകളുമായി ഇരകൾ

text_fields
bookmark_border
ഫലസ്തീനിൽ ഗ്വാണ്ടനാമോ ആവർത്തിക്കുന്നു;  ക്രൂരമായ തടവറ അനുഭവങ്ങളുടെ സമാനതകളുമായി ഇരകൾ
cancel

യുദ്ധക്കുറ്റകൃത്യങ്ങളുടെ കൊടൂരതകൾ​കൊണ്ട് കുപ്രസിദ്ധമായ യു.എസിന്റെ ‘ഗ്വാണ്ടനാമോ’ ഗസ്സയിലും ആവർത്തിക്കുകയാണോ?

ഏറ്റവും ഒടുവിൽ ഗസ്സ മുനമ്പിൽനിന്ന് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുശേഷം വിട്ടയച്ച ഫലസ്തീൻ തടവുകാരന്റെ സംഭ്രമജനകമായ ദൃശ്യങ്ങളടങ്ങിയ വിഡിയോ ലോകത്തിനു മുന്നിലെത്തിയിരിക്കുന്നു. ബദർ ദഹ്‌ലൻ എന്ന 29കാരൻ ഒരു മാസത്തെ തടങ്കലിൽ നേരിടേണ്ടി വന്ന കഠിന പീഡനങ്ങളെല്ലാം അയാളുടെ തുറിച്ച കണ്ണുകളിൽനിന്നും വിറക്കുന്ന ശരീരത്തിൽനിന്നും ലോകമിപ്പോൾ ​വായിച്ചെടുക്കുകയാണ്.

ഇസ്രായേൽ തടവിൽനിന്ന് മോചിതനായെങ്കിലും പീഡനത്തിനൊടുവിൽ മനോനില തെറ്റി രൂപം തന്നെ മാറിയ അവസ്ഥയിലാണ് ഈ യുവാവ്. സംസാരിക്കാൻ പാടുപെടുന്ന ഇയാൾ തടവിലായിരിക്കുമ്പോൾ സംഭവിച്ചത് അങ്ങേയറ്റത്തെ ഭയപ്പാടോടെയാണ് വിവരിക്കുന്നത്. തന്നെ അടച്ചിരുന്ന ഇസ്രായേൽ ജയിലിനെ ‘പേടിസ്വപ്നം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ‘അവർ എന്നെ ജയിലിൽ വെച്ച് അടിച്ചു. തല താഴ്ത്തി ഇരിക്കാനും മേലോട്ട് നോക്കാതിരിക്കാനും പറഞ്ഞു, കാരണം... അവൻ എന്നോട് എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല... എങ്ങനെയെന്ന് അറിയില്ല. എനിക്കത് നിങ്ങളോട് വിവരിക്കാൻ കഴിയില്ല...അവർ എന്നെ തല്ലി. കാലുകൾ ഒടിച്ച് വെട്ടാൻ പോയി. ഞാൻ പേടിച്ചുപോയി’ തന്റെ പല വാചകങ്ങളും പൂർത്തിയാക്കാൻ കഴിയാതെ ദഹ്‍ലാൻ വിറച്ചു. കൈത്തണ്ടക്ക് ചുറ്റുമുള്ള മുറിവുകളും കാണിച്ചു. അൽ-അഖ്സ രക്തസാക്ഷി ആശുപത്രിയിലാണിപ്പോൾ ദഹ്‍ലൻ.

‘ഒരു മാസത്തിനുള്ളിൽ ബദർ ദഹ്‌ലാൻ കടുത്ത ആഘാതങ്ങൾക്കിരയായി. ശ്രദ്ധ കേന്ദ്രീകരിക്കാനോ സംസാരിക്കാനോ കഴിയാതെയായി. മോചിപ്പിക്കപ്പെട്ട മറ്റ് തടവുകാർ മരിക്കുന്നതായി റിപ്പോർട്ടുണ്ട്. തടവിലാക്കപ്പെട്ടിരിക്കുന്ന കുട്ടികൾ, വയോധികർ, നിത്യരോഗികൾ എന്നിവരുടെ അവസ്ഥ നിങ്ങൾക്ക് ഊഹിക്കാനാകുമോ?’ - ഇതെക്കുറിച്ച് ഒരാൾ ‘എക്സി’ൽ എഴുതിയ വാക്കുകളാണിത്. ‘ഈ യുവാവിന്റെ രൂപവും വ്യക്തിത്വവും മാറ്റാൻ വെറും 30 ദിവസം മതിയായിരുന്നു. മോചിതനായ തടവുകാരൻ ബദർ ദഹ്‌ലാൻ...അധിനിവേശ ജയിലുകളിൽ ഫലസ്തീൻ തടവുകാരോട് കാണിക്കുന്ന അനീതിയുടെ കഥ സംഗ്രഹിക്കുന്നു’വെന്ന് മറ്റൊരാളും കുറിച്ചു.

ദഹ്‌ലന്റെ വിഡിയോകളും ചിത്രങ്ങളും ജയിലുകളിലുള്ള ഫലസ്തീനികളുടെ അവസ്ഥ സംബന്ധിച്ച് ഗൗരവതരമായ ആശങ്കൾ ഉയർത്തുന്ന അതേ സന്ദർഭത്തിലാണ് ഇസ്രയേൽ ഫലസ്തീനിൽ ‘യു.എസ് മാതൃകയിലുള്ള’ പീഡനമുറകൾ പ്രയോഗിക്കുന്നുവെന്നതിന്റെ സമാനതകളിലേക്ക് വിരൽചൂണ്ടി ഗ്വാണ്ടനാമോ തടവറയുടെ ഇരകൾ സ്വാനുഭവങ്ങളുമായി രംഗത്തുവന്നതും. ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീനികളുടെ ചിത്രങ്ങളിലേക്ക് നോക്കുമ്പോൾ യു.എസി​ന്റെ കുപ്രസിദ്ധ തടങ്കൽ കേന്ദ്രങ്ങളിൽ നേരിട്ട പീഡനത്തിന്റെയും അധിക്ഷേപത്തിന്റെയും ഓർമകൾ കൊള്ളിയാൻ പോലെ പായുകയാണ് മുൻ ഗ്വാണ്ടനാമോ തടവുകാരൻ അസദുല്ല ഹാറൂണിന്റെയുള്ളിൽ. 2007ൽ അറസ്റ്റിലായതുമുതൽ 14 വർഷത്തോളം ക്യൂബയിലെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ബേ ജയിലിൽ ഒരു കുറ്റവും ചുമത്താതെ തടവിലായിരുന്നു ഹാറൂൺ. യു.എസ് ഗവൺമെന്റിനെതിരെ നിയമവിരുദ്ധ തടങ്കലിന് 2021ൽ ഹാറൂൺ കേസ് ജയിച്ചു പുറത്തിറങ്ങിയെങ്കിലും അതേ ക്രൂരതകൾ വീണ്ടും കാണേണ്ടിവരുന്നതിന്റെ ഞെട്ടലിലാണദ്ദേഹമി​പ്പോൾ.

ഇത് അടിച്ചമർത്തലിന്റെ അതീവ വിനാശകരമായ രൂപമാണെന്ന് ഹാറൂൺ പറയുന്നു. നിങ്ങളെ ഒരു തീവ്രവാദിയായി മുദ്രകുത്തിക്കഴിഞ്ഞാൽ പിന്നെ ഒരു തരത്തിലും സ്വയം പ്രതിരോധിക്കാൻ കഴിയില്ല. ഒരു സംശയവുമില്ല, ഇത് ഒരേ പ്രക്രിയയാണ്. അവർ ആളുകളെ പഴയ അതേ രീതിയിൽ പീഡിപ്പിക്കുന്നു. അമേരിക്കക്കാർ ഇതുണ്ടാക്കി. ഇസ്രായേലികൾ അത് നടപ്പിലാക്കുകയാണെന്നും ഹാറൂൺ പറയുന്നു.

‘ഞാൻ അനുഭവിച്ചതിന് സമാനമായ അവസ്ഥയാണ് ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീനികളുടേത്. അറസ്റ്റിലായ ആദ്യ നാളുകളിൽ എന്നെയവർ ഇരിക്കാൻ അനുവദിച്ചിരുന്നില്ല. ഒന്നിരുന്നുപോയാൽ അടിക്കും. അടിച്ചാൽ എനിക്ക് എഴുന്നേൽക്കാനും കഴിയില്ല. ഉറങ്ങാൻ അനുവദിക്കാതെ ദിവസങ്ങളോളം ആക്രമിച്ചു. പല തടവുകാരെയും നായ്ക്കളെക്കൊണ്ട് കടിപ്പിച്ചു. എന്നിട്ടും ഞങ്ങൾക്ക് വളരെ പരിമിതമായ വൈദ്യസഹായം മാത്രമാണ് കിട്ടിയത്. ശാരീരിക പീഡനം വളരെയേറെയായിരുന്നു. എന്നാൽ, അതിനേക്കാർ ഭീകരമായിരുന്നു വ്യത്യസ്ത രൂപങ്ങളിലുള്ള മാനസിക പീഡനം. ഫലസ്തീനിലും ഗ്വാണ്ടനാമോയിലും ബഗ്രാമിലും അബൂ ഗുറൈബിലും തടവുകാരെ പീഡിപ്പിക്കുന്ന് ഒരുപോലെയാണെന്ന് ഞാൻ കരുതുന്നുവെന്നും’ ഹാറൂൺ ‘അൽജസീറ’ ലേഖകനായ ഉസാമ ബിൻ ജാവേദിനോട് പങ്കുവെച്ചു.

ബദ്ർ ദഹ്‍ലന്റെ കൈകളിലെ മുറിവ്

കുറ്റം ചുമത്താതെ മൂന്ന് വർഷത്തോളം ഗ്വാണ്ടനാമോയിൽ തടവിലിട്ട മനുഷ്യാവകാശ അഭിഭാഷകനാണ് അഫ്ഗാനിലെ മൊഅ്സാം ബെഗ്. ഗസ്സയും ഗ്വാണ്ടനാമോയും തമ്മിൽ വ്യക്തമായ സാമ്യമുണ്ടെന്ന് ബെഗും പറയുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് ആദ്യം അഫ്ഗാനിസ്ഥാനിലെ ബഗ്രാം ജയിലിലും പിന്നീട് ഗ്വാണ്ടനാമോയിലും തനിക്ക് സംഭവിച്ചതാണ് ഇപ്പോഴും സംഭവിക്കുന്നത്. എന്നെ നഗ്നനാക്കി മർദിച്ചു. മറ്റ് തടവുകാരുമായി ഇടകലർത്തി. അമേരിക്കൻ പട്ടാളക്കാർ തടവുകാരെ കൊലപ്പെടുത്തുന്നത് ഞാൻ കണ്ടു. തടവുകാരെ ദുരുപയോഗം ചെയ്യുന്നതിന് സാക്ഷിയായി. ക്രൂരവും മനുഷ്യത്വരഹിതവും അപമാനകരവുമായ പെരുമാറ്റമായിരുന്നു അന്നനുഭവിച്ചത്. മനുഷ്യാവകാശ സംഘടനകളിൽനിന്നും അഭിഭാഷകരിൽനിന്നും നീതിക്കുവേണ്ടിയുള്ള ആഹ്വാനങ്ങൾ ഉണ്ടെങ്കിലും സമീപഭാവിയിൽ കാര്യങ്ങൾ മാറുമെന്ന് വിശ്വാസമില്ലെന്ന് ബെഗ് പറയുന്നു. ‘ഒരു പ്രതീക്ഷയുമില്ല. അന്താരാഷ്ട്ര നിയമവുമായി ബന്ധപ്പെട്ടോ ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളുമായി ബന്ധപ്പെട്ടോ ഒരു പ്രതീക്ഷയും ഞാൻ കാണുന്നില്ല. അവയിൽ പലതും ലംഘിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.’

അഭിഭാഷകനായ മൊഅ്സം ബെഗ്

​ക്രൂരതകൾ ചിത്രീകരിക്കുന്നതിലെ ലഹരി

ഇസ്രായേൽ ജയിലുകളിൽ നടക്കുന്ന അതിക്രമങ്ങളിൽ ഭൂരിഭാഗവും സൈനികർ തന്നെ ചിത്രീകരിച്ച് പുറത്തുവിടുന്നുണ്ട്. കുപ്രസിദ്ധമായ അബു ഗുറൈബ് ജയിൽ പോലെയുള്ള യു.എസ് തടങ്കൽ കേന്ദ്രങ്ങളിൽ ഇറാഖി, അഫ്ഗാൻ തടവുകാരോട് പെരുമാറുന്നതിന്റെ അതേ രീതിയിലാണിതും. 2003ൽ അബൂ ഗുറൈബിൽ യു.എസ് സൈനികർ അപമാനിതരാക്കുംവിധം തടവുകാർക്കൊപ്പം ഫോട്ടോയെടുത്ത് പുറത്തുവിട്ടിരുന്നു.

ഫലസ്തീൻ തടവുകാരോട് ഇസ്രായേൽ നടത്തുന്ന പെരുമാറ്റം ‘യു.എസ് ശൈലിയിലുള്ള’ പീഡനത്തിന്റെ എല്ലാ ലക്ഷണങ്ങളും വഹിക്കുന്നുണ്ടെന്ന് അഭിഭാഷകരും ആക്ടിവിസ്റ്റുകളും പറയുന്നു.

വെള്ളവും വെളിച്ചവുമില്ല, വേട്ട നായ്ക്കളുടെ ആക്രമണവും

9,500 രാഷ്ട്രീയ തടവുകാരിൽ 3,500ലധികം ഫലസ്തീനികൾ ഇസ്രായേൽ ജയിലുകളിൽ ഒരു കുറ്റവും ചുമത്താതെ തടവിലാക്കപ്പെട്ടവരാണ്. ഒക്ടോബറിൽ ഗസ്സക്കെതിരായ യുദ്ധം ആരംഭിക്കുന്നതിനുമുമ്പുതന്നെ ആയിരക്കണക്കിനാളുകളെ തടവിലാക്കിയിട്ടുണ്ട്. അതിനുശേഷവും നിരവധി പേർ അറസ്റ്റ് ചെയ്യപ്പെട്ടു. കുറ്റം ചുമത്താതെയും തടവുകാരെയോ അവർക്കഅഭിഭാഷകരെയോ കാണാൻ അനുവദിക്കാതെയും അനിശ്ചിതകാലത്തേക്കാണിത്.

കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേൽ മാരകമായ ആക്രമണം ആരംഭിച്ചതിനുശേഷം 54 ഫലസ്തീനികൾ ഇസ്രായേൽ ജയിലുകളിൽ കൊല്ലപ്പെട്ടുവെന്നാണ് ഗസ്സയിലെ തടവുകാരുടെയും മുൻ തടവുകാരുടെയും കമീഷൻ പുറത്തുവിട്ടത്. കൂട്ടമായി തടവിലിടൽ, തടവുകാരെ ദുരുപയോഗം ചെയ്യൽ, ഫലസ്തീനികളുടെ നിർബന്ധിത തിരോധാനം എന്നിവ സംബന്ധിച്ച് നിരവധി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്ന് ഫലസ്തീനിലെ യു.എൻ മനുഷ്യാവകാശ ഓഫിസ് പറയുന്നു.

വിചാരണ കൂടാതെ തടവിലാക്കപ്പെട്ട ഫലസ്തീൻ തടവുകാരെ ദുരുപയോഗം ചെയ്യുന്നതിന്റെ വിശദാംശങ്ങൾ ഏപ്രിൽ അവസാനത്തിൽ ഇസ്രായേലി പത്രമായ ഹാരെറ്റ്സ് പ്രസിദ്ധീകരിച്ചിരുന്നു. നിരന്തരമായി അടിക്കൽ, തടവുകാരെ നായ്ക്കളെവെച്ച് ആക്രമിക്കൽ, ഇസ്രായേൽ പതാകയിൽ ചുംബിക്കാൻ നിർബന്ധിതരാക്കൽ, മുഹമ്മദ് നബിയെ ശപിക്കാൻ നിർബന്ധിതരാക്കൽ എന്നിവയടക്കം ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു. 10 തടവുകാർ പങ്കിട്ട സെല്ലിലെ ടോയ്‌ലറ്റിലേക്കുൾപ്പെടെ വെള്ളം നിഷേധിക്കുക, വൈദ്യുതി വിതരണം തടസ്സപ്പെടുത്തുക, നഗ്നരാക്കി മർദിക്കൽ, വേണ്ടത്ര ഭക്ഷണം നൽകാതിരിക്കൽ തുടങ്ങിയ ​ക്രൂരതകൾ അതിലുണ്ടായിരുന്നു. വിവരണാതീതമായ ലൈംഗികാതിക്രമങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ഇസ്രായേൽ സൈന്യം ഏകപക്ഷീയമായ അറസ്റ്റ്, നിർബന്ധിത തിരോധാനം, മനഃപൂർവം കൊല്ലൽ, ലൈംഗിക അതിക്രമം, ന്യായമായ വിചാരണ നിഷേധിക്കൽ തുടങ്ങിയവ പ്രവർത്തിക്കുന്നുവെന്ന് നേരത്തെയുള്ള ഫലസ്തീൻ തടവുകാരുടെ സാക്ഷ്യപത്രങ്ങൾ മനുഷ്യാവകാശ സംഘടനയായ യൂറോ-മെഡ് മോണിറ്റർ പുറത്തുവിടുന്നു. ‘തടവുകാർക്ക് നിർണായകവും ജീവൻ രക്ഷിക്കുന്നതുമായ പരിചരണം ഉൾപ്പെടെ വൈദ്യസഹായവും ഭക്ഷണവും നിഷേധിക്കപ്പെട്ടു. തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്തു. മറ്റ് ക്രൂരവും നിന്ദ്യവുമായ പ്രവർത്തനങ്ങൾക്കും മാനസിക പീഡനത്തിനും വിധേയരായി. ബലാത്സംഗവും ​കൊലയും, അപമാനിക്കൽ, മറ്റ് ലൈംഗിക അതിക്രമങ്ങൾ എല്ലാം അരങ്ങേറിയെന്നും മനുഷ്യാവകാശ സംഘടന പുറത്തുവിട്ടു.

ഇസ്രായേൽ സൈന്യം തടവിലിട്ട് മർദിച്ച നൂറുകണക്കിന് ഫലസ്തീൻ കുട്ടികളിലൊരാൾ

ഫലസ്തീൻ തടവുകാരെ പീഡിപ്പിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന കുറ്റവാളികൾക്കെതിരിൽ അടിയന്തര അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് മനുഷ്യാവകാശ സംഘടനകളും പ്രവർത്തകരും ആവശ്യപ്പെടുന്നുണ്ട്. പീഡനവും മോശം പെരുമാറ്റവും അവസാനിപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ഇസ്രായേലിലെ പീഡനത്തിനെതിരായ പബ്ലിക് കമ്മിറ്റിയും ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും യു.എസ് നേതൃത്വത്തിലുള്ള സേനയുടെ കൈകളിൽനിന്ന് സമാനമായ തടങ്കലുകളും പീഡനങ്ങളും ദുരുപയോഗങ്ങളും അനുഭവിച്ച മറ്റുള്ളവരും അവരോട് യോജിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsrael Palestine Conflictguantanamo jailGuantanamo victimsBadr Dahlan
News Summary - ‘Happening again’: Guantanamo victims say Israel using ‘US-style’ torture
Next Story