ട്രംപ് ഫാഷിസ്റ്റെന്ന് കമല ഹാരിസ്; 'പ്രസിഡന്റ് പദവി വഹിക്കാൻ യോഗ്യനല്ല'
text_fieldsവാഷിങ്ടൺ: ഡോണൾഡ് ട്രംപ് ഫാഷിസ്റ്റാണെന്ന പരാമർശവുമായി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസ്. സി.എൻ.എൻ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുമ്പോഴാണ് കമല ഹാരിസിന്റെ പരാമർശം. പ്രസിഡന്റ് പദവി വഹിക്കാൻ ട്രംപ് അനുയോജ്യനല്ലെന്നാണ് താൻ കരുതുന്നതെന്നും കമല ഹാരിസ് പറഞ്ഞു.
ട്രംപിനൊപ്പം വൈറ്റ് ഹൗസിൽ പ്രവർത്തിച്ച എല്ലാ റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾ, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, ഡിഫൻസ് സെക്രട്ടറി എന്നിവരെല്ലാം ട്രംപ് പദവിക്ക് അനുയോജ്യനല്ലെന്ന് പറഞ്ഞിട്ടുണ്ട്. യു.എസിന്റെ ഭരണഘടനയെ അട്ടിമറിക്കാനാണ് ട്രംപ് ശ്രമിച്ചതെന്നാണ് ഇവരുടെയെല്ലാം അഭിപ്രായമെന്നും കമല ഹാരിസ് പറഞ്ഞു.
അതേസമയം, കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിലുള്ള പ്രചാരണം ശക്തമായിരിക്കെ, യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നേരത്തേയുള്ള വോട്ടിങ്ങിലൂടെ സമ്മതിദാനാവകാശം വിനിയോഗിച്ചവർ 2.1 കോടി പിന്നിട്ടു. നവംബർ അഞ്ചിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
യൂനിവേഴ്‌സിറ്റി ഓഫ് ഫ്ലോറിഡയിലെ ഇലക്ഷൻ ലാബിൽനിന്നുള്ള കണക്കുകൾ പ്രകാരം, 78 ലക്ഷം പേർ ഏർലി ഇൻ-പേഴ്‌സൻ രീതിയിലൂടെയും 13.3 ലക്ഷത്തിലധികം പേർ തപാൽ ബാലറ്റിലൂടെയും വോട്ട് രേഖപ്പെടുത്തി. പലയിടങ്ങളിലും നിരവധി ഇന്ത്യൻ വംശജർ വോട്ട് രേഖപ്പെടുത്താൻ വരിനിൽക്കുന്നത് കാണാനായി.
അതേസമയം, ഏഷ്യൻ അമേരിക്കക്കാർക്കിടയിൽ നേരത്തേ പോൾ ചെയ്തവർ 1.7 ശതമാനം മാത്രമാണ്. റിപ്പബ്ലിക്കൻ പാർട്ടിയാണ് നേരത്തേയുള്ള വോട്ടിങ്ങിനായി കൂടുതൽ പ്രചാരണം നടത്തിയതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പിൽ കമലക്ക് 46 ശതമാനവും ട്രംപിന് 43 ശതമാനവും പിന്തുണ ലഭിച്ചിട്ടുണ്ട്. കടുത്ത മത്സരം നടക്കുന്ന അരിസോണ, നെവാഡ, വിസ്കോൺസൻ, മിഷിഗൻ, പെൻസൽവേനിയ, നോർത്ത് കരോലൈന, ജോർജിയ എന്നീ സംസ്ഥാനങ്ങളാകും തെരഞ്ഞെടുപ്പിൽ നിർണായകമാകുകയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.