മുഹ്സിൻ ഫഖ്രിസാദെ വധത്തിൽ ഇസ്രായേലിനോട് ഇറാൻ എങ്ങനെ പകവീട്ടും?
text_fieldsആണവ ശാസ്ത്രഞ്ജൻ മുഹ്സിൻ ഫഖ്രിസാദെ കൊല്ലപ്പെട്ടതിൽ നടുങ്ങിയിരിക്കുകയാണ് ഇറാൻ. തങ്ങളുടെ ആണവ പദ്ധതികളുടെ 'മാസ്റ്റർ ബ്രൈയ്ൻ' സ്വന്തം രാജ്യത്ത് വച്ച് തന്നെ ഇസ്രായേൽ-അമേരിക്ക ചാര സംഘം വെടിവെച്ചുെകാന്നതിൽ പകരം വീട്ടുമെന്ന് ഇറാൻ പ്രഖ്യാപിച്ചു കഴിഞ്ഞു.
2003 മുതൽ ഇറാൻ സൈനിക മന്ത്രാലയത്തിൽ ഗവേഷണങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഈ ഭൗതിക ശാസ്ത്ര പണ്ഡിതനെ നേരത്തെ തന്നെ ഇസ്രായേലും അമേരിക്കയും ഉന്നംവച്ചിരുന്നു.
അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിൻെറ പരാജയത്തിൽ ശരിക്കും കണക്കുകൂട്ടൽ തെറ്റിച്ചത് ഇസ്രായേലിനെയാണ്. ഇറാനെതിരെ യുദ്ധം പ്രഖ്യാപിക്കാൻ ഇസ്രായേൽ ഭരണകൂടം ട്രംപിനു മേൽ പലതവണ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ, മറ്റൊരു ലോകയുദ്ധത്തിലേക്ക് അത് എത്തിക്കുമെന്ന് ഉപദേശം ലഭിച്ചതോടെ അമേരിക്ക പിന്മാറുകയായിരുന്നു. ട്രംപ് ഔദ്യോഗികമായി ജനുവരിയിൽ പടിയിറങ്ങാനിരിക്കെ, ഇങ്ങനെയൊരു ഓപറേഷൻ നടത്തൽ ഇസ്രായേലിൻെറ ആവശ്യകതയുമായിരുന്നു. ഇറാനുമായി നല്ല ബന്ധംമാത്രയിരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ തന്നെ പുതിയ പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞിരുന്നതിനാൽ, ലോകസമവാക്യങ്ങൾ മാറുന്നതിനു മുന്നെ ഇറാൻെറ ആണവ ബുദ്ധിയെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിൽ ഇസ്രായേൽ താൽക്കാലികമായി വിജയിക്കുകയും ചെയ്തു.
ഇറാെൻറ ആണവ, പ്രതിരോധ ശാസ്ത്രജ്ഞനായ മുഹ്സിൻ ഫഖ്രിസാദെയുടെ കൊലക്ക് പിറകിൽ ഇസ്രായേലിെൻറ കൂലിപ്പടയാണെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി ആവർത്തിച്ച് ആരോപിച്ചു കഴിഞ്ഞു. ഫഖ്രിസാദെയുടെ കൊലപാതകംകൊണ്ട് തങ്ങളുടെ ആണവ പദ്ധതികൾ താഴോട്ട് പോകില്ലെന്നും അദ്ദേഹത്തിെൻറ രക്തസാക്ഷ്യത്തിന് ഉചിതമായ സമയത്ത് മറുപടി നൽകുമെന്നും റൂഹാനി പ്രഖ്യാപിച്ചു. കൊലപാതകം ആസൂത്രണം ചെയ്തവർക്കും അതിന് ഉത്തരവ് നൽകിയവർക്കും 'വ്യക്തമായ ശിക്ഷ' നൽകുന്നതിനാണ് രാജ്യം ഇനി മുൻഗണന നൽകുന്നതെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇൗയും പ്രതികരിച്ചു.
ഇറാൻെറ പ്രതികരണം ചൂണ്ടികാട്ടി ലോകം മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന് പറയുന്നവരുണ്ട്. എന്നാൽ, ഇസ്രായേലിനെതിരെ പെട്ടൊന്നൊരു സൈനിക തിരിച്ചടി നിലവിലെ അവസ്ഥയിൽ ഇറാന് കഴിയില്ലെന്നാണ് മിഡ്ലീസ്റ്റ് നിരീക്ഷകർ പറയുന്നത്. പ്രത്യേകിച്ച് സൗദി-യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇസ്രായേൽ നേരിട്ട് 'സൗഹൃദം' സ്ഥാപിച്ചതിനാൽ. മിഡ്ലീസ്റ്റിലെ രാഷ്ട്രീയ മാറ്റങ്ങൾ കൂടി ഉൾെകാണ്ടു മാത്രമെ ഇറാന് ഇസ്രയേലിനെതിരെ എന്തെങ്കിലും ചെയ്യാനാവൂ. നേരത്തെയും ഇസ്രായേൽ, ഇറാൻ പ്രമുഖരെ വധിച്ചിട്ടുണ്ടെങ്കിലും തിരിച്ചടിക്കുമെന്ന് വാദിച്ചതല്ലാതെ നടന്നിരുന്നില്ല.
ഇറാനിൽ ശാസ്ത്രഞ്ജന്മാർ കൊല്ലെപ്പെടുന്നത് ഇതാദ്യമായല്ല. പതിറ്റാണ്ടിനിടെ ഒട്ടേറെ മുതിർന്ന ഇറാൻ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ചില വിദേശ കേന്ദ്രങ്ങളാണ് ഇതിന് ഉത്തരവാദികളെന്നും യു.എൻ സെക്രട്ടറി ജനറലിനയച്ച കത്തിൽ യു.എന്നിലെ ഇറാൻ അംബാസഡർ മാജിദ് തഖത് റവഞ്ചി ആരോപിച്ചിരുന്നു.
മാസങ്ങൾക്ക് മുമ്പ്, ഇറാൻെറ സൈനിക തലവൻ ഖാസിം സുലൈമാനിയെ ഇറാഖ് കേന്ദ്രമായുള്ള അമേരിക്കൻ സൈനിക വ്യൂഹം വധിച്ചപ്പോൾ ഇറാൻ തിരിച്ചടിച്ചിരുന്നു. ട്രംപിൻെറ ഉത്തരവ് പ്രകാരമായിരുന്നു ആക്രമണം. ദിവസങ്ങൾക്കുള്ളിൽതന്നെ അതിന് ഇറാൻ തിരിച്ചടി നൽകിയത് അമേരിക്കയെ ഞെട്ടിച്ചിരുന്നു. എന്നാൽ, മുഹ്സിൻ വധത്തിൽ നേരിട്ടുള്ള ആക്രമണത്തിനേക്കാൾ ഇറാൻ ശ്രമിക്കുക നയതന്ത്ര യുദ്ധത്തിനായിരിക്കുമെന്ന് പശ്ചിമേഷ്യൻ ഗവേഷകൻ അബ്ബാസ് അൽസാനി നിരീക്ഷിക്കുന്നു.
സംഘർഷം സൃഷ്ടിച്ച് ഇറാനുമായുള്ള ആണവ കരാറിലേക്ക് മടങ്ങിയെത്താനുള്ള നിയുക്ത യു.എസ് പ്രസിഡൻറ് ജോ ബൈഡെൻറ ശ്രമങ്ങളെ ഇല്ലാതാക്കാനാണ് ഈ വധംകൊണ്ട് ഇസ്രായേൽ ഉദ്ദേശിച്ചതെന്നും നിരീക്ഷിക്കുന്നവരുണ്ട്. ബൈഡൻ അധികാരമേറാനിരിക്കെ നടന്ന കൊലയുടെ സമയം കൃത്യമായി നിർണയിച്ച് നടന്നതാണെന്ന് ബറാക് ഒബാമയുടെ ഇറാൻ കാര്യ ഉപദേശകനായിരുന്ന റോബർട്ട് മാല്ലേയും കരാർ സംബന്ധിച്ച് പുനർവിചിന്തനം നടത്താനുള്ള ബൈഡൻ ഭരണകൂടത്തിെൻറ ശ്രമങ്ങളെ തടയാനുദ്ദേശിച്ചുള്ളതാണ് ആസൂത്രിത കൊലയെന്ന് യൂറോപ്യൻ കൗൺസിലിെൻറ വിദേശകാര്യ സഹ ചെയർ കാൾ ബിലിഡ്തും പറയുന്നു.
വെള്ളിയാഴ്ച തെഹ്റാന് കിഴക്കുള്ള അബ്സർദ് ഗ്രാമത്തിലെ റോഡിലുണ്ടായ ചാവേറാക്രമണത്തിലാണ് ഫഖ്രിസാദെ കൊല്ലപ്പെട്ടത്. വിറകിനുള്ളിൽ സ്ഫോടക വസ്തു ഒളിപ്പിച്ച ട്രക്ക് ഫഖ്രിസാദെ സഞ്ചരിച്ച കാറിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് സായുധരായ ആക്രമികളുമായി അദ്ദേഹത്തിെൻറ സുരക്ഷ ഭടന്മാർ ഏറ്റുമുട്ടി. ഗുരുതര പരിക്കേറ്റ ഫഖ്രിസാദെയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിൽ അദ്ദേഹത്തിെൻറ കുടുംബത്തിനും സുരക്ഷ ഭടന്മാർക്കും പരിക്കുണ്ട്. ആക്രമണം നടത്തിയ നാലുപേർ സംഭവസ്ഥലത്തും ഒരു ചാവേർ പിന്നീടും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഇറാൻ പ്രതിരോധ മന്ത്രാലയത്തിെൻറ റിസർച്ച് ആൻറ് ഇന്നൊവേഷൻ ഓർഗനൈസേഷൻ വിഭാഗത്തിെൻറ തലവനായിരുന്നു ഫഖ്രിസദേ. 63 കാരനായ ഇയാൾ ഇറാനിലെ റെവല്യൂഷണറി ഗാർഡിലെ അംഗവും മിസൈൽ നിർമാണ വിദഗ്ധനുമായിരുന്നു. അതിനാൽ ഇസ്രായേലി രഹസ്യ സേന അദ്ദേഹത്തെ ഇല്ലാതാക്കാൻ നേരത്തെ തന്നെ ശ്രമം നടത്തിയിരുന്നു. ഇറാെൻറ രഹസ്യ ആണവായുധ പദ്ധതികൾക്ക് പിന്നിൽ ഫഖ്രിസാദേയാണെന്ന് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളും കരുതുന്നു.
ഇറാെൻറ ആണവ പദ്ധതിയെക്കുറിച്ച് 2018 ഏപ്രിലിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ പ്രസംഗത്തിൽ ഫഖ്രിസാദേയുടെ പേര് പ്രത്യേകം പരാമർശിച്ചിരുന്നു. ''ഈ പേര് ഓർമ്മിക്കുക'' എന്നായിരുന്നു നെതന്യാഹു പറഞ്ഞത്. എന്നാൽ ഫഖ്രിസാദേ വധത്തെ കുറിച്ച് ഇസ്രായേൽ ഒരുതരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല.
ആധുനിക ശാസ്ത്രങ്ങളിലേക്കുള്ള ഇറാെൻറ പ്രവേശനം തടയുന്നതിനുള്ള ശ്രമമാണ് ആണവ ശാസ്ത്രജ്ഞരുടെ കൊലപാതകമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ മേജർ ജനറൽ ഹൊസൈൻ സലാമി പറഞ്ഞു. നിലവിൽ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കാണ് തങ്ങൾ ഉപയോഗിക്കുന്നതെന്നും സലാമി പറഞ്ഞു.
ഇറാൻ യുറേനിയം സമ്പുഷ്ടീകരണത്തിെൻറ അളവ് വർധിപ്പിക്കുന്നുവെന്ന ആശങ്കകൾക്കിടയിലാണ് ആണവ ശാസ്ത്രജ്ഞെൻറ കൊലപാതകം. യുറേനിയം സമ്പുഷ്ടീകരണം സിവിൽ ന്യൂക്ലിയർ വൈദ്യുതി ഉൽപാദനത്തിനും സൈനിക ആണവായുധങ്ങൾക്കും പ്രധാന ഘടകമാണ്. ആറ് ലോകശക്തികളുമായുള്ള 2015 ലെ കരാർ പ്രകാരം യുറേനിയം സമ്പുഷ്ടീകരണത്തിന് പരിധി നിശ്ചയിച്ചിരുന്നുവെങ്കിലും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് 2018 ൽ കരാർ ഉപേക്ഷിച്ചതോടെ ഇറാനും പരിധി സംബന്ധിച്ച കരാറുകളിൽ നിന്ന് പിന്മാറിയിരുന്നു.
ഇതോടെയാണ് ഇസ്രായേൽ, ഇറാൻെറ ആണവ പദ്ധതികൾ എന്തു വിലകൊടുത്തും തകർക്കാൻ ലക്ഷ്യമിട്ടിരുന്നത്. ഇറാനെതിരെ നേരിട്ടുള്ള ആക്രമണത്തിന് കോപ്പുകൂട്ടിയെങ്കിലും അമേരിക്ക തന്നെ പിന്തുണക്കാതിരുന്നതോടെ ഇസ്രായേലിൻെറ കണക്കുകൂട്ടൽ തെറ്റുകയായിരുന്നു.
അവലബം: അൽജസീറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.