ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ജുഡീഷ്യറിയെ അവാമി ലീഗ് നേതാക്കൾക്കെതിരായ രാഷ്ട്രീയായുധമാക്കി മാറ്റുന്നു
text_fieldsധാക്ക: അവാമി ലീഗ് നേതാക്കൾക്കെതിരായ രാഷ്ട്രീയായുധമാക്കി മാറ്റാനായി മുഹമ്മദ് യുനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ജുഡീഷ്യറിയെ ആയുധവത്കരിക്കുകയാണെന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ മകൻ സജീബ് വാസിദ്.
ഹസീനയെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ചതായി കഴിഞ്ഞ ദിവസം ബംഗ്ലാദേശ് സർക്കാർ വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു വാസിദിന്റെ ആരോപണം. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടമായ ഹസീന ആഗസ്റ്റ് അഞ്ച് മുതൽ ഇന്ത്യയിലാണ് അഭയം തേടിയിരിക്കുന്നത്. ബംഗ്ലാദേശിൽ അവാമി ലീഗിന്റെ 16 വർഷം നീണ്ട ഭരണത്തിനാണ് വിദ്യാർഥി പ്രക്ഷോഭം അന്ത്യം കുറിച്ചത്. ഹസീനയുൾപ്പെടെ അവാമി ലീഗിന്റെ മുൻ നിരനേതാക്കൾക്കെതിരെ ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
അവാമി ലീഗ് നേതൃത്വത്തെ പീഡിപ്പിക്കാനുള്ള ഉപാധിയാക്കി ജുഡീഷ്യറിയെ മാറ്റുകയാണ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. ബംഗ്ലാദേശിൽ നൂറുകണക്കിന് നേതാക്കളും പ്രവർത്തകരും അന്യായമായി കൊല്ലപ്പെടുന്നതിനിടയിലാണ് കംഗാരു ട്രിബ്യൂണലും തുടർന്നുള്ള അഭ്യർത്ഥനയും വരുന്നതെന്നും വാസിദ് വിമർശനമുയർത്തി. ഐ.ടി എൻട്രപ്രണർ ആയ വാസിദ് യു.എസിലായിരുന്നു. ഹസീന സർക്കാറിൽ ഐ.സി.ടി ഉപദേഷ്ടാവായിരുന്നു. ആഗസ്റ്റ് എട്ടിനാണ് ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റത്.
അതേസമയം, ഇടക്കാല സർക്കാർ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ കൂട്ടക്കൊല ചെയ്യുകയാണെന്ന് ഹസീന അടുത്തിടെ ആരോപിച്ചിരുന്നു. ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിർസി രണ്ടാഴ്ച മുമ്പ് ധാക്ക സന്ദർശിച്ച് ഇന്ത്യയുടെ ആശങ്ക സർക്കാറിനെ ബോധിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.