പേജർ-വോക്കി ടോക്കി ആക്രമണം യുദ്ധപ്രഖ്യാപനമെന്ന് നസ്റുല്ല
text_fieldsബൈറൂത്: പേജർ- വോകി ടോക്കി ആക്രമണങ്ങൾ കൂട്ടക്കൊലയാണെന്നും ഭീകരപ്രവർത്തനമാണെന്നും ഹിസ്ബുല്ല തലവൻ ഹസൻ നസറുല്ല. ലബനാന്റെ പരമാധികാരത്തിനും ജനങ്ങൾക്കുമെതിരായ യുദ്ധപ്രഖ്യാപനമാണിതെന്നും അദ്ദേഹം പറഞ്ഞു. പൊട്ടിത്തെറികളെ കുറിച്ച് അന്വേഷിക്കാൻ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
മിനിറ്റുകൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്താനാണ് ഇസ്രായേൽ ശ്രമിച്ചത്. പല പേജറുകളും പ്രവർത്തിക്കാത്തതിനാലും സിച്ച് ഓഫ് ആയതിനാലുമാണ് അങ്ങനെ സംഭവിക്കാതിരുന്നത്. ലബനാനിലെ ജനങ്ങൾ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. യുദ്ധം ഇസ്രായേലിനും ഹിസ്ബുല്ലക്കും പരിഹാരമല്ല.
ഇസ്രായേലിനെ ഇല്ലാതാക്കാൻ ഹിസ്ബുല്ലക്കും ഹിസ്ബുല്ലയെ ഇല്ലാതാക്കാൻ ഇസ്രായേലിനും കഴിയില്ല. രണ്ട് കക്ഷികളും നിലനിൽക്കും. പക്ഷേ, ഇരു പക്ഷത്തെയും ഒരുപാട് മനുഷ്യർ കൊല്ലപ്പെടും. ശേഷം നമ്മൾ ഒരു സമാധാന കരാറുണ്ടാക്കും. ഈ സമാധാന കരാർ നമുക്ക് ഇപ്പോൾ തയാറാക്കാം.
യു.എസിന്റെയും ടെക് കമ്പനികളുടെയും പിന്തുണയുള്ളതുകൊണ്ട് ഇസ്രായേലിന് സാങ്കേതിക വിദ്യയുടെ മേൽക്കൈ ഉണ്ട്. മുമ്പെങ്ങുമില്ലാത്ത ആക്രമണം സുരക്ഷക്ക് കനത്ത ഭീഷണിയായിരുന്നു. എത്ര ശക്തമാണെങ്കിലും ഈ തിരിച്ചടിയിൽ ഞങ്ങൾ വീഴില്ല. ഈ തിരിച്ചടിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് വിശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും ഉറപ്പുതരികയാണ്.
ഇതൊരു പാഠമാണ്. എന്തൊക്കെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നാലും ഗസ്സയെ പിന്തുണക്കുന്നത് അവസാനിപ്പിക്കില്ല. പേജർ ആക്രമണത്തിൽ ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് ഒരു പോറലുമേറ്റിട്ടില്ല. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുക മാത്രമാണ് പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഭാഷണത്തിനിടെ ബൈറൂത് നഗരത്തിന് മുകളിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ പറന്നത് പൂർണ യുദ്ധത്തിലേക്ക് രാജ്യം മാറുന്നോയെന്ന ഭീതി പരത്തി.
യുദ്ധം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചതായി ഇസ്രായേൽ സൈനിക മേധാവി
യുദ്ധം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചതായി ഇസ്രായേൽ സൈനിക മേധാവി യൊആവ് ഗാലന്റ് പറഞ്ഞു. ഹിസ്ബുല്ല എക്സിക്യൂട്ടിവ് കൗൺസിൽ ഇസ്രായേലിന് കനത്ത തിരിച്ചടി പ്രഖ്യാപിച്ചതിന് പിന്നാലെ ലബനാനുമായി അതിർത്തി പങ്കിടുന്ന ഉത്തര മേഖലയിൽ സൈനിക സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. ഒരാഴ്ചയായി ഇവിടെ സൈനിക പരിശീലനം നടക്കുന്നതായാണ് റിപ്പോർട്ട്. ദൗത്യം വ്യക്തമാണെന്നും ഗസ്സയിൽനിന്ന് ഉത്തര മേഖലയിലേക്ക് സൈനികനടപടി മാറ്റാൻ തീരുമാനിച്ചതായും ഇസ്രായേലിന്റെ നോർതേൺ കമാൻഡിന്റെ തലവനായ മേജർ ജനറൽ ഒറി ഗോർഡിൻ അറിയിച്ചു.
വ്യാഴാഴ്ച വടക്കൻ ഇസ്രായേലിൽ റമിം റിഡ്ജ് മേഖലയിലെ ഇസ്രായേൽ സേന കേന്ദ്രം ലക്ഷ്യമിട്ട് രണ്ട് മിസൈലുകളാണ് ഹിസ്ബുല്ല തൊടുത്തത്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേൽ സേന ലബനാന്റെ ഏഴ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ചിഹിൻ, ബ്ലിദ, മെയ്സ് അൽ ജബൽ, അൽ തൈബ, ഐതറൗൺ, കഫാർ കേല എന്നിവയും ഖിയാമിലെ ഒരു സംഭരണശാലയും തകർത്തതായി സേന അവകാശപ്പെട്ടു. 40ലേറെ റോക്കറ്റുകളാണ് ഇസ്രായേൽ തൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.