ഹസൻ നസ്റുല്ല: മരണവഴിയും മുൻഗാമിയെ ഓർമിപ്പിച്ച്
text_fieldsബൈറൂത്: ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസൻ നസ്റുല്ലയുടെ മരണവാർത്ത ലോകം കേൾക്കുമ്പോൾ ഓർമിക്കപ്പെടുന്ന മറ്റൊരു പേരുകൂടിയുണ്ട്: അബ്ബാസ് അൽമൂസവി. മൂസവിയുടെ പിൻഗാമിയായിട്ടാണ് ഹസൻ നസ്റുല്ല ഹിസ്ബുല്ലയുടെ നേതൃത്വത്തിൽ വരുന്നത്. മൂസവിയും നസ്റുല്ലയെപ്പോലെത്തന്നെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. 1992 ഫെബ്രുവരി 16നായിരുന്നു അത്. 15 വർഷം നീണ്ട ആഭ്യന്തര യുദ്ധം ലബനാനിൽ അവസാനിച്ചിട്ടേയുള്ളൂ അപ്പോൾ. സംഘടനയുടെ സെക്രട്ടറി സ്ഥാനത്ത് ഒരു വർഷമേ മൂസവി നിലനിന്നുള്ളൂ. അപ്പോഴേക്കും അദ്ദേഹത്തെ ഇസ്രായേൽ വകവരുത്തി. മൂസവിയും കുടുംബവും സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരെ ഇസ്രായേലിന്റെ അപ്പാഷെ വിമാനം പതിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും അഞ്ച് വയസ്സുള്ള മകനും കൂടെയുണ്ടായിരുന്ന മറ്റു നാലുപേരും കൊല്ലപ്പെട്ടു. ഹസൻ നസ്റുല്ല കൊല്ലപ്പെട്ട ബൈറൂത്തിലെ ദാഹിയയിൽതന്നെയായിരുന്നു ഇതും സംഭവിച്ചത്. പിന്നീട് ആ മരണത്തിന് ഹിസ്ബുല്ല പകരം ചോദിച്ചതും ബ്രസീലിലെ ഇസ്രായേൽ എംബസി ആക്രമിച്ചതുമെല്ലാം ചരിത്രം.
മൂസവിക്കുശേഷം ആര് എന്ന ചോദ്യത്തിന് ഹിസ്ബുല്ലക്കകത്ത് ഒരൊറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ: ഹസൻ നസ്റുല്ല. അന്ന് 32 വയസ്സായിരുന്നു അദ്ദേഹത്തിന്. അതുവരെയും കേവലമൊരു പ്രതിരോധ സായുധ സംഘം മാത്രമായിരുന്ന ഹിസ്ബുല്ലയെ ഇന്ന് കാണുംവിധം രാഷ്ട്രീയ -സന്നദ്ധ സംഘടനകൂടിയായി പരിവർത്തിപ്പിക്കുന്നത് നസ്റുല്ലയുടെ കൂടി ഫലമായിട്ടായിരുന്നു. അതോടൊപ്പം, ദക്ഷിണ ലബനാനിൽ അധിനിവേശത്തിലുണ്ടായിരുന്ന ഇസ്രായേൽ സൈന്യത്തിനെതിരെ പൊരുതാൻ റോക്കറ്റ് സാങ്കേതിക വിദ്യയടക്കം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചു. 93ലും 96ലും അതിരൂക്ഷമായ പോരാട്ടം ഹിസ്ബുല്ലയും ഇസ്രായേൽ സേനയും നടത്തി. രണ്ട് ആക്രമണങ്ങളിലും ലബനാനിൽ കനത്ത നാശനഷ്ടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തുവെങ്കിലും അധികകാലം അധിനിവേശം തുടരാനാവില്ലെന്ന് ഇസ്രായേലിനെ ബോധ്യപ്പെടുത്താൻ ഹിസ്ബുല്ലയുടെ പ്രതിരോധത്തിന് സാധിച്ചു. 2000ത്തിൽ, ഇസ്രായേൽ അധിനിവേശം അവസാനിച്ചതോടെ ഹിസ്ബുല്ലയുടെയും ഹസൻ നസ്റുല്ലയുടെയും ജനകീയത വർധിച്ചു. ഇത് പാർലമെന്റിലും പ്രതിഫലിച്ചു. 2005ൽ, ‘ഫ്രീ പാട്രിയോടിക് മൂവ്മെന്റ്’ അടക്കം സമാന മനസ്കരായ രാഷ്ട്രീയ കക്ഷികളെ ചേർത്ത് പ്രധാനമന്ത്രി ഫുആദ് സിനിയോരക്ക് എതിരെ നടത്തിയ പ്രക്ഷോഭങ്ങൾ പിന്നെയും ഹിസ്ബുല്ലയെ ജനകീയമാക്കി. 2018ലെ തെരഞ്ഞെടുപ്പിൽ ഹിസ്ബുല്ലക്കായി മത്സരിച്ച 13ൽ 12 പേരും വിജയിക്കുകയും സഖ്യം 128ൽ 70 സീറ്റ് നേടി അധികാരത്തിലെത്തുകയും ചെയ്തതും ഹസൻ നസ്റുല്ലയുടെ സംഘാടന മികവിന്റെകൂടി ബലത്തിലായിരുന്നു.
ലബനാനിലെ ആഭ്യന്തര പോരാട്ടങ്ങൾക്കൊപ്പം എക്കാലത്തും ഫലസ്തീൻ വിമോചനത്തിനും ഹിസ്ബുല്ലയും നസ്റുല്ലയും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇപ്പോൾ, അദ്ദേഹത്തിന്റെ മരണംപോലും സംഭവിച്ചത് ആ ഐക്യദാർഢ്യത്തിന്റെ പുറത്താണെന്ന് പറയാം. 2023 ഒക്ടോബർ ഏഴിന് തുടങ്ങിയ ഗസ്സ ആക്രമണത്തിനെതിരെ ഹിസ്ബുല്ല നടത്തിയ സായുധ പ്രതിരോധമാണ് ഇപ്പോൾ നടക്കുന്ന ലബനാൻ ആക്രമണത്തിന്റെ മൂലകാരണം. മുൻ ആഴ്ചകളിലുണ്ടായ പേജർ ആക്രമണവും തുടർന്ന് ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ട് തുടർച്ചയായി നടത്തിയ ഡ്രോണാക്രമണവുമെല്ലാം ഇതിന്റെ തുടർച്ചയിലായിരുന്നു. ഒടുവിൽ, അദ്ദേഹം മരണം വരിക്കുകയും ചെയ്തു.
ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് ഉന്നത നേതാക്കൾ
ഹസൻ നസ്റുല്ലയുടെ മരണത്തോടെ, ഇസ്രായേൽ വിരുദ്ധ പോരാട്ട ശക്തികളുടെ മൂന്നാമത്തെ നേതാവുകൂടിയാണ് ഒരു വർഷത്തിനിടെ കൊല്ലപ്പെടുന്നത്. ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ എന്ന പേരിലറിയപ്പെടുന്ന പശ്ചിമേഷ്യയിലെ പ്രബലരായ ഇസ്രായേൽ വിരുദ്ധ ചേരിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് ഹസൻ നസ്റുല്ല. ഹമാസിന്റെ ഇസ്മാഈൽ ഹനിയ്യ, ഇറാൻ മുൻ പ്രസിഡന്റ് ഇബ്രാഹീം റഈസി എന്നിവർ നേരത്തേ കൊല്ലപ്പെട്ടു. നസ്റുല്ലയുടെ മരണത്തോടെ ഇസ്രായേൽ വിരുദ്ധ ചേരിയിൽ നേതൃശൂന്യതയുണ്ടാകുമെന്നും അത് വെസ്റ്റ് ബാങ്കിലെ അനധികൃത നിർമാണമടക്കമുള്ള തങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ അനുകൂലമായ സാഹചര്യം ഒരുക്കുമെന്നും നെതന്യാഹു കണക്കുക്കൂട്ടുന്നു. എന്നാൽ, ഹനിയ്യക്കുപകരം കൂടുതൽ ശക്തനായ യഹ്‍യ സിൻവാറിനെയാണ് ഹമാസ് നേതൃത്വം ഏൽപിച്ചിരിക്കുന്നത്. ഹസൻ നസ്റുല്ലക്കു പകരം ആര് എന്ന് കാത്തിരുന്ന് കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.