ഒരു പോറൽ പോലുമില്ല; ഹസൻ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി
text_fieldsബൈറൂത്ത്: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല തലവൻ സയ്യിദ് ഹസൻ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി. ലബനാൻ തലസ്ഥാനമായ ബൈറൂത്തിലെ ദക്ഷിണ പ്രാന്ത പ്രദേശങ്ങളിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. ലബനാൻ സുരക്ഷാ-മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ 'റോയിട്ടേഴ്‌സ്' ആണ് വാർത്ത പുറത്തുവിട്ടത്.
അതേസമയം, നസ്‌റുല്ലയുടെ ഭൗതികദേഹത്തിൽ പോറലോ പരിക്കോ ഒന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒന്നും ബാക്കിയില്ലാത്ത വിധം ശരീരം ഛിന്നഭിന്നമായതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതു തള്ളുന്നതാണു പുറത്തുവരുന്ന വിവരങ്ങൾ. മിസൈൽ ആക്രമണത്തിലുണ്ടായ സ്‌ഫോടനത്തിന്റെ ശക്തമായ ആഘാതത്തിലായിരിക്കാം മരണം സംഭവിച്ചതെന്നാണു കരുതപ്പെടുന്നത്. അതേസമയം, എങ്ങനെയാണ് അദ്ദേഹം മരിച്ചതെന്ന് ഹിസ്ബുല്ല വ്യക്തമാക്കിയിട്ടില്ല. മരണാനന്തര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
നസ്റുല്ല എവിടെയാണെന്നത് സംബന്ധിച്ച് മാസങ്ങൾക്ക് മുമ്പേ ഇസ്രായേൽ ഇന്‍റലിജൻസിന് വിവരം ലഭിച്ചിരുന്നെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു. ലബനീസ് തലസ്ഥാനമായ ബൈറൂത്തിനു തെക്ക് ദഹിയയിൽ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതായി ഹിസ്ബുല്ല നേതൃത്വം സ്ഥിരീകരിക്കുകയായിരുന്നു. 64കാരനായ നസ്റുല്ലയുടെ മരണത്തിൽ ശക്തമായി തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല നേതൃത്വം പ്രഖ്യാപിച്ചു.
അതിനിടെ, ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. കരയുദ്ധത്തിനാണ് നീക്കം നടത്തുന്നത്. ബൈറൂത്തിലെ ജനവാസ മേഖലയിൽ നടത്തിയ ആക്രമണത്തിൽ 105 ആളുകൾ കൊല്ലപ്പെടുകയും 359 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ അഞ്ചു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗസ്സയിൽ ഹമാസിന് നിരുപാധിക പിന്തുണ നൽകുന്നതാണ് ഇസ്രായേൽ ഹിസ്ബുല്ലയെ ലക്ഷ്യം വെക്കാൻ കാരണം. യമനിലെ ഹൂതി കേന്ദ്രങ്ങളിലും ഇസ്രായേൽ ബോംബിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.