ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്; നിരവധിപേർക്കെതിരെ നിയമനടപടി സ്വീകരിക്കും -ചാൾസ് ശോഭരാജ്
text_fieldsകാഠ്മണ്ഡു: ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെന്ന് ജയിൽ മോചിതനായ സീരിയൽ കില്ലർ ചാൾസ് ശോഭരാജ്. എനിക്ക് സന്തോഷം തോന്നുന്നു. നിരവധി പേർക്കെതിരെ നിയമനടപടി സ്വീകരിക്കണം. നേപ്പാൾ സർക്കാറിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ചാൾസ് ശോഭരാജ് പറഞ്ഞു. വിമാനത്തിൽവെച്ച് വാർത്ത ഏജൻസിയായ എ.എഫ്.പിയോടാണ് ചാൾസ് ശോഭരാജിന്റെ പ്രതികരണം.
കൊലപാതകത്തിൽ താങ്കളെ തെറ്റായാണോ പ്രതിയാക്കിയതെന്ന ചോദ്യത്തിന് അതെയെന്നായിരുന്നു ചാൾസ് ശോഭരാജിന്റെ ഉത്തരം. 19 വർഷത്തെ ജയിൽവാസത്തിനുശേഷം വെള്ളിയാഴ്ച മോചിതനായതിനു പിന്നാലെ ഫ്രഞ്ച് പൗരനായ ശോഭരാജിനെ ദോഹവഴി പാരിസിലേക്കുള്ള വിമാനത്തിൽ നാടുകടത്തിയിരുന്നു. പത്തുവർഷം നേപ്പാളിൽ പ്രവേശന വിലക്കേർപ്പെടുത്തിയ ശേഷമാണ് നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഫണീന്ദ്ര മണി പൊഖാറേൽ അറിയിച്ചു.
നേപ്പാൾ സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് ശോഭരാജിനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. 78കാരനായ ശോഭരാജിനെ ജയിലിൽനിന്ന് എമിഗ്രേഷൻ അധികാരികൾക്കാണ് ആദ്യം കൈമാറിയത്. താമസിപ്പിക്കാൻ പ്രത്യേക മുറിയില്ലാത്തതിനാൽ ഒരു ദിവസംകൂടി നീട്ടണമെന്ന് എമിഗ്രേഷൻ അധികൃതർ അഭ്യർഥിച്ചതിനാലാണ് മോചനം വെള്ളിയാഴ്ചയിലേക്ക് നീണ്ടത്.
15 ദിവസത്തിനകം നാടുകടത്തണമെന്നായിരുന്നു ഉത്തരവ്. നാടുകടത്തുന്നത് പാസ്പോർട്ടിൽ രേഖപ്പെടുത്തി. 1975ൽ അമേരിക്കക്കാരിയായ കോണി ജോ ബ്രോൻസിച്ചിനെ കൊലപ്പെടുത്തിയ കേസിൽ 2003ലാണ് ശോഭരാജിന് ജയിൽശിക്ഷ ലഭിച്ചത്. 2003ൽ കാഠ്മണ്ഡുവിലെ കാസിനോയിലാണ് ഒടുവിൽ അറസ്റ്റിലായത്. 2014ൽ മറ്റൊരു കേസിലും ജീവപര്യന്തം തടവുശിക്ഷ കിട്ടി. 20 വർഷമാണ് നേപ്പാളിലെ ജീവപര്യന്തം തടവ്.
19 വർഷം തടവ് അനുഭവിച്ചെന്നും ജയിലിലെ നല്ല പെരുമാറ്റത്തിന്റെ പേരിൽ മോചിപ്പിക്കണമെന്നുമുള്ള അപേക്ഷയിലാണ് ഇദ്ദേഹത്തെ വെറുതെ വിടുന്നത്. നിരവധി കൊലപാതകങ്ങൾ നടത്തിയ ശോഭരാജ് തിഹാർ ജയിലിലും തടവിൽ കഴിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.